ധര്മ്മശാല: ഏകദിന ലോകകപ്പില് ഇന്ത്യയ്ക്ക് തുടര്ച്ചയായ അഞ്ചാം വിജയം. ധര്മ്മശാലയില് നടന്ന മത്സരത്തില് ഇന്ത്യ നാല് വിക്കറ്റിന് ന്യൂസിലന്ഡിനെ തകര്ത്തെറിഞ്ഞു. ന്യൂസിലന്ഡ് മുന്നോട്ട് വെച്ച 274 റണ്സെന്ന വിജയലക്ഷ്യം 48-ാം ഓവറില് വെറും ആറ് വിക്കറ്റ് നഷ്ടത്തില് ഇന്ത്യ മറികടന്നു. വിരാട് കോഹ്ലിയുടെ തകര്പ്പന് ഇന്നിങ്സാണ് ഇന്ത്യക്ക് ആവേശവിജയം സമ്മാനിച്ചത്. ന്യൂസിലന്ഡിന്റെ ആദ്യ പരാജയമാണിത്. വിജയത്തോടെ ഇന്ത്യ പോയിന്റ് ടേബിളില് ഒന്നാം സ്ഥാനത്തെത്തി.
ന്യൂസിലന്ഡ് ഉയര്ത്തിയ 274 റണ്സെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപ്പണര്മാരായ ക്യാപ്റ്റന് രോഹിത് ശര്മ്മയെയും ശുഭ്മന് ഗില്ലിനെയും പവര്പ്ലേയില് ഇന്ത്യയ്ക്ക് നഷ്ടമായി. ഓപ്പണിങ് വിക്കറ്റില് 71 റണ്സ് കൂട്ടിച്ചേര്ത്ത ശേഷമാണ് ഇരുവരും പിരിഞ്ഞത്. 12-ാം ഓവറില് രോഹിത് ശര്മ്മയെ മടക്കി ലോക്കി ഫെര്ഗൂസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 40 പന്തില് നിന്ന് നാല് വീതം സിക്സും ഫോറുമടക്കം 46 റണ്സെടുത്തായിരുന്നു ഹിറ്റ്മാന്റെ മടക്കം. പിന്നാലെ 13-ാം ഓവറില് ഗില്ലിനെയും ഫെര്ഗൂസന് തന്നെ പുറത്താക്കി. 31 പന്തില് നിന്ന് 26 റണ്സെടുത്ത ഗില്ലിനെ ഫെര്ഗൂസണ് ഡാരില് മിച്ചലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. വണ് ഡൗണായി ഇറങ്ങിയ വിരാട് കോഹ്ലി തകർപ്പൻ ഫോമിലായിരുന്നു. ഇന്ത്യന് പ്രതീക്ഷകളെ കോഹ്ലി പിന്നീട് ഏതാണ്ട് ഒറ്റയ്ക്ക് ചുമലിലേറ്റി.
അതിനിടെ ഇന്ത്യന് ഇന്നിങ്സ് 15 ഓവര് പിന്നിട്ടതിന് പിന്നാലെ സ്റ്റേഡിയത്തിലെ കനത്ത മൂടല്മഞ്ഞ് കാരണം മത്സരം നിര്ത്തിവെക്കേണ്ടി വന്നിരുന്നു. വളരെ വേഗം മത്സരം പുനരാരംഭിക്കുകയും ചെയ്തു. ശുഭ്മാന് ഗില്ലിന് പകരക്കാരനായി ഇറങ്ങിയ ശ്രേയസ് അയ്യരെ 22-ാം ഓവറില് ട്രെന്ഡ് ബോള്ട്ട് മടക്കി. 29 പന്തില് 33 റണ്സെടുത്തായിരുന്നു ശ്രേയസിന്റെ മടക്കം. ഡെവോണ് കോണ്വോയ്ക്ക് ആയിരുന്നു ക്യാച്ച്. പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര് ബാറ്റര് കെ എല് രാഹുലിനെ മിച്ചല് സാന്റ്നര് വിക്കറ്റിന് മുന്നില് കുരുക്കി. 35 പന്തില് 27 റണ്സായിരുന്നു താരത്തിന്റെ സമ്പാദ്യം. ശേഷം ക്രീസിലെത്തിയ സൂര്യകുമാര് യാദവിനെ (2) ട്രെന്ഡ് ബോള്ട്ട് റണ്ണൗട്ടാക്കുകയും ചെയ്തു.
അപ്പുറത്ത് വിക്കറ്റുകള് വീണുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്കിക്കൊണ്ട് കോഹ്ലി ക്രീസിലുറച്ചുനിന്നു. സൂര്യകുമാര് യാദവിന് പകരക്കാരനായി എത്തിയ രവീന്ദ്ര ജഡേജയെയും കൂട്ടുപിടിച്ച് കോഹ്ലി സ്കോര് ഉയര്ത്തി. ആറാം വിക്കറ്റില് ക്രീസിലൊരുമിച്ച കോഹ്ലി-ജഡേജ കൂട്ടുകെട്ട് പടുത്തുയര്ത്തിയ 78 റണ്സായിരുന്നു ഇന്ത്യന് വിജയത്തില് നിര്ണായകമായത്. സെഞ്ച്വറിയ്ക്ക് വെറും അഞ്ച് പന്ത് അകലെ നില്ക്കെ സിക്സറടിച്ച് വിജയലക്ഷ്യത്തിലെത്താനുള്ള ശ്രമത്തില് കോഹ്ലി പുറത്തായി. 104 പന്തില് രണ്ട് സിക്സും എട്ട് ബൗണ്ടറിയുമടക്കം 95 റണ്സ് നേടിയ കോഹ്ലിയെ മാറ്റ് ഹെന്റി ഗ്ലെന് ഫിലിപ്സിന്റെ കൈകളിലെത്തിച്ചത് നിരാശയോടെ ആരാധകര് നോക്കിക്കണ്ടു. 44 പന്തില് 39 റണ്സെടുത്ത ജഡേജയും മുഹമ്മദ് ഷമിയും (1) പുറത്താകാതെ നിന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില് 273 റണ്സിന് ഓള്ഔട്ടാവുകയായിരുന്നു. ഡാരില് മിച്ചലിന്റെ തകര്പ്പന് സെഞ്ച്വറിയും (130) രച്ചിന് രവീന്ദ്രയുടെ അര്ധസെഞ്ച്വറിയുടെയും (75) കരുത്തിലാണ് ന്യൂസിലന്ഡ് മികച്ച സ്കോറിലെത്തിയത്. ഒരുഘട്ടത്തില് 300 കടക്കുമെന്ന് തോന്നിച്ച കിവീസിനെ ഡെത്ത് ഓവറുകളിലെ ബൗളിങ് മികവില് ഇന്ത്യ 273 റണ്സിലൊതുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി.