ധർമ്മശാല: ഏകദിന ലോകകപ്പില് ന്യൂസിലന്ഡിനെതിരെ ഇന്ത്യയ്ക്ക് 274 റണ്സ് വിജയലക്ഷ്യം. ധർമ്മശാലയില് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില് 273 റണ്സിന് ഓള്ഔട്ടായി. ഡാരില് മിച്ചലിന്റെ തകര്പ്പന് സെഞ്ച്വറിയും രച്ചിന് രവീന്ദ്രയുടെ അര്ധസെഞ്ച്വറിയുടെയും കരുത്തിലാണ് ന്യൂസിലന്ഡ് മികച്ച സ്കോറിലെത്തിയത്. ഒരുഘട്ടത്തില് 300 കടക്കുമെന്ന് തോന്നിച്ച കിവീസിനെ ഡെത്ത് ഓവറുകളിലെ ബൗളിങ് മികവില് ഇന്ത്യ 273 റണ്സിലൊതുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്ഡിനെ തുടക്കത്തില് തന്നെ ഇന്ത്യ ഞെട്ടിച്ചു. നാലാം ഓവറില് തന്നെ ഡെവോണ് കോണ്വെയെ (0) പുറത്താക്കി മുഹമ്മദ് സിറാജ് ആദ്യ വിക്കറ്റ് വീഴ്ത്തി. സഹ ഓപ്പണര് വില് യങ്ങും വേഗം മടങ്ങി. എട്ടാം ഓവറിലെ ആദ്യ പന്തില് യങ്ങിനെ മുഹമ്മദ് ഷമി പുറത്താക്കി. 27 പന്തില് നിന്ന് 17 റണ്സെടുത്തായിരുന്നു യങ്ങിന്റെ മടക്കം. രണ്ടാം വിക്കറ്റില് ക്രീസിലൊരുമിച്ച രച്ചിന് രവീന്ദ്രയും ഡാരില് മിച്ചലും തകര്ത്തടിച്ചതോടെ ന്യൂസിലന്ഡിന്റെ സ്കോര് ഉയര്ന്നു.
34-ാം ഓവറിലായിരുന്നു ഈ കൂട്ടുകെട്ട് തകര്ന്നത്. 87 പന്തില് നിന്ന് ഒരു സിക്സും ആറ് ബൗണ്ടറികളും ഉള്പ്പടെ 75 റണ്സ് നേടിയ രവീന്ദ്രയെ പുറത്താക്കി ഷമിയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്കിയത്. ശുഭ്മന് ഗില്ലിനായിരുന്നു ക്യാച്ച്. പകരക്കാരനായി ഇറങ്ങിയ ക്യാപ്റ്റന് ടോം ലാഥം നിരാശപ്പെടുത്തി. ഏഴ് പന്തില് നിന്ന് അഞ്ച് റണ്സെടുത്ത ലാഥമിനെ കുല്ദീപ് യാദവ് വിക്കറ്റിന് മുന്നില് കുരുക്കുകയായിരുന്നു. അതിനിടെ ഡാരില് മിച്ചല് സെഞ്ച്വറി പൂര്ത്തിയാക്കി. 127 പന്തില് അഞ്ച് സിക്സും ഒന്പത് ബൗണ്ടറിയുമടക്കം 130 റണ്സാണ് മിച്ചലിന്റെ സമ്പാദ്യം.
കിവീസിന്റെ സ്കോര് 243 റണ്സായിരിക്കെ 23 റണ്സെടുത്ത ഗ്ലെന് ഫിലിപ്സിനെ കുല്ദീപ് യാദവ് പുറത്താക്കി. പത്ത് ഓവറില് 73 റണ്സ് വിട്ട് നല്കിയാണ് കുല്ദീപ് രണ്ട് വിക്കറ്റെടുത്തത്. പത്ത് ഓവറില് 45 റണ്സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത മുഹമ്മദ് സിറാജും മികച്ച രീതിയില് തന്നെ സ്പെല് അവസാനിപ്പിച്ചു.
ഗ്ലെന് ഫിലിപ്സിന് പകരക്കാരനായി ക്രീസിലെത്തിയ മാര്ക് ചാപ്മാന് വേഗം മടങ്ങി. ആറ് റണ്സെടുത്ത ചാപ്മാനെ ജസ്പ്രീത് ബുമ്ര വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ചു. പത്ത് ഓവറില് 45 റണ്സ് മാത്രം വഴങ്ങിയാണ് ബുമ്ര ഒരു വിക്കറ്റ് നേടിയത്. പിന്നാലെ മിച്ചല് സാന്റ്നറുടെയും മാറ്റ് ഹെന്റിയുടെയും വിക്കറ്റുകള് അടുത്തടുത്ത പന്തുകളില് തെറിപ്പിച്ച് ഷമി കരുത്ത് കാട്ടി. പത്ത് ഓവറില് 54 റണ്സ് വഴങ്ങിയ ഷമി അഞ്ച് വിക്കറ്റുകളുമായി തന്റെ സ്പെല് അവസാനിപ്പിച്ചു. ആദ്യ ഇലവനിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീര പ്രകടനത്തോടെ ഷമി ആഘോഷമാക്കി.