'അഞ്ചിന്റെ മൊഞ്ചില്' കേരളം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില് സിക്കിമിനെയും തകര്ത്തു

രോഹന് കുന്നുമ്മലിന്റെ സെഞ്ച്വറിയുടെയും വിഷ്ണു വിനോദിന്റെ അര്ധ സെഞ്ച്വറിയുടെയും കരുത്തിലാണ് കേരളം മികച്ച സ്കോറിലെത്തിയത്.

dot image

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില് വിജയക്കുതിപ്പ് തുടര്ന്ന് കേരളം. സിക്കിമിനെ തോല്പ്പിച്ച് തുടര്ച്ചയായ അഞ്ചാം മത്സരത്തിലും കേരളം വിജയം സ്വന്തമാക്കി. 132 റണ്സിനായിരുന്നു കേരളം സിക്കിമിനെ മുട്ടുകുത്തിച്ചത്. കേരളം ഉയര്ത്തിയ 222 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന സിക്കിമിന്റെ ഇന്നിങ്സ് ഒന്പത് വിക്കറ്റിന് 89 റണ്സില് അവസാനിച്ചതോടെ കേരളം തുടര്ച്ചയായ അഞ്ചാം വിജയം സ്വന്തമാക്കി. രോഹന് കുന്നുമ്മലിന്റെ സെഞ്ച്വറിയുടെയും വിഷ്ണു വിനോദിന്റെ അര്ധ സെഞ്ച്വറിയുടെയും കരുത്തിലാണ് കേരളം മികച്ച സ്കോറിലെത്തിയത്.

സിക്കിമിനെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 20 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 221 റണ്സ് നേടി. 56 പന്തില് നിന്ന് 101 റണ്സ് നേടി പുറത്താകാതെ നിന്ന രോഹന് എസ് കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറര്. രണ്ട് സിക്സും 14 ബൗണ്ടറിയുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. വിഷ്ണു വിനോദ് 43 പന്തില് നിന്ന് മൂന്ന് സിക്സും 11 ബൗണ്ടറിയുമടക്കം 79 റണ്സ് നേടി. അജ്നാസ് (25), വിക്കറ്റ് കീപ്പര് ബാറ്റര് വരുണ് നായനാര് (6) എന്നിവര് മടങ്ങി. അബ്ദുള് ബാസിത്ത് (4) പുറത്താകാതെ നിന്നു. ക്യാപ്റ്റന് സഞ്ജു സാംസണ് ഇന്ന് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നില്ല.

കേരളം മുന്നോട്ടുവെച്ച 222 റണ്സെന്ന വിജയലക്ഷ്യം മറികടക്കാനിറങ്ങിയ സിക്കിം തകര്ന്നടിയുകയായിരുന്നു. 26 റണ്സെടുത്ത അന്കുര് മാലിക്കാണ് സിക്കിമിന്റെ ടോപ് സ്കോറര്. വിക്കറ്റ് കീപ്പര് ബാറ്റര് അശിഷ് ഥാപ്പ 25 റണ്സ് നേടി. 11 റണ്സെടുത്ത ക്യാപ്റ്റന് നീലേഷ് ലാമിച്ചനേയും പാല്സറും മാത്രമാണ് സിക്കിം നിരയില് രണ്ടക്കം കണ്ട മറ്റു താരങ്ങള്. കേരളത്തിന് വേണ്ടി സിജോമോന് ജോസഫ്, ഉണ്ണികൃഷ്ണന് മനുകൃഷ്ണന്, പത്തിരിക്കാട്ട് മിഥുന്, എന്നിവര് രണ്ടും വൈശാഖ് ചന്ദ്രന്, സുരേഷ് വിശ്വേശര് എന്നിവര് ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അഞ്ച് മത്സരങ്ങളും വിജയിച്ച കേരളം 20 പോയിന്റുമായി ഗ്രൂപ്പ് ബിയില് ഒന്നാം സ്ഥാനത്താണ്. ചണ്ഡീഗഢ്, ബിഹാര്, സര്വീസസ്, ഹിമാചല് പ്രദേശ് എന്നീ ടീമുകളെയായിരുന്നു കേരളം പരാജയപ്പെടുത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us