മുംബൈ: ഏകദിന ലോകകപ്പിൽ ഇന്ന് ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. നെതർലൻഡ്സിൽ നിന്നേറ്റ അപ്രതീക്ഷിത തിരിച്ചടിയ്ക്ക് ശേഷം ഇംഗ്ലണ്ടിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക. തുടർതോൽവികളിൽ നിന്ന് കരകയറുകയാണ് ബംഗ്ലാദേശിന്റെ ലക്ഷ്യം. അഫ്ഗാനിസ്ഥാനെ തകർത്ത് തുടങ്ങിയ ബംഗ്ലാദേശ് ഇംഗ്ലണ്ടിനോടും ന്യൂസിലൻഡിനോടും ഇന്ത്യയോടും തോറ്റു.
ദക്ഷിണാഫ്രിക്കൻ നിരയിൽ തെംബ ബാവുമ തിരികെയെത്തിയേക്കും. എങ്കിൽ ഇംഗ്ലണ്ടിനെതിരെ നന്നായി കളിച്ച റീസ ഹെൻഡ്രിക്സിന് സ്ഥാനം നഷ്ടമായേക്കും. ഡി കോക്ക്, വാൻ ഡർ ഡസൻ, അയ്ഡാൻ മാക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ തുടങ്ങി ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ കഴിയുന്ന ബാറ്റർമാരാണ് ദക്ഷിണാഫ്രിക്കയുടെ പ്രത്യേകത. ലുംഗി എൻഗിഡി, മാക്രോ ജാൻസൻ, കാസിയാഗോ റബാഡ, കേശവ് മഹാരാജ് തുടങ്ങിയവർ എറിഞ്ഞിടാനുമുണ്ട്.
ബംഗ്ലാദേശ് നിരയിൽ ക്യാപ്റ്റൻ ഷക്കിബ് അൽ ഹസൻ മടങ്ങിയെത്തിയേക്കും. 2007, 2019 ലോകകപ്പുകളിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്. ലോകകപ്പിൽ ആകെ നാല് തവണ ഇരു ടീമുകളും ഏറ്റുമുട്ടി. രണ്ട് വീതം ജയം ഇരുടീമുകളും പങ്കിടുകയാണ്.