ചെന്നൈ: ഏകദിന ലോകകപ്പില് അഫ്ഗാനിസ്ഥാനോട് തോല്വി വഴങ്ങിയ പാകിസ്താന് ടീമിനെതിരെ വിമര്ശനവുമായി മുന് ക്യാപ്റ്റൻ വസീം അക്രം. പാക് കളിക്കാര് ഫിറ്റ്നസില് ശ്രദ്ധിക്കാറില്ല. താരങ്ങളുടെ ഫീല്ഡിങ് കണ്ടാല് അത് മനസിലാകും. ദിവസവും എട്ടു കിലോ മട്ടണാണ് ഓരോ താരങ്ങളും കഴിക്കുന്നത്. പിന്നെ എങ്ങനെ താരങ്ങൾക്ക് കായികക്ഷമത ഉണ്ടാകുമെന്നും അക്രം ചോദിച്ചു.
ഫിറ്റ്നസ് ടെസ്റ്റുകൾ പലതും ടീം നടത്തുന്നില്ല. ഫിറ്റ്നസ് ഇല്ലാത്ത കളിക്കാരെ തനിക്ക് അറിയാം. അവരുടെ പേര് പറയാത്തത് വ്യക്തിപരമായ ആക്രമണം ഒഴിവാക്കാനാണ്. നിങ്ങള് ഒരു രാജ്യത്തിനുവേണ്ടിയാണ് കളിക്കുന്നത്. മിസ്ബ ഉൾ ഹഖ് പരിശീലകനായിരിക്കുമ്പോൾ ഫിറ്റ്നസ് കാര്യങ്ങളിൽ നിശ്ചിത മാനദണ്ഡമുണ്ടായിരുന്നു. അതിനാൽ മിസ്ബയെ താരങ്ങൾ വെറുത്തിരുന്നതായും അക്രം വെളിപ്പെടുത്തി.
പാക് ക്രിക്കറ്റ് ബോര്ഡ് സ്വീകരിക്കുന്ന നടപടികളെയും മുൻ താരം വിമർശിച്ചു. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പ് ഫൈനൽ കളിച്ച ടീമാണ് പാകിസ്താൻ. സഖ്ലെയ്ന് മുഷ്താഖ്, മുഹമ്മദ് യൂസഫ് തുടങ്ങിയ പരിശീലക സംഘത്തിന് കീഴിലാണ് പാകിസ്താൻ ക്രിക്കറ്റ് മുന്നേറിയത്. എന്നാൽ അവരെയെല്ലാം സ്ഥാനത്ത് നിന്ന് മാറ്റിയത് ടീമിന്റെ പ്രകടനം മോശമാക്കിയതായി അക്രം ചൂണ്ടിക്കാട്ടി.