ന്യൂഡൽഹി: ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ വമ്പൻ സ്കോറുമായി ഓസ്ട്രേലിയ. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ആസ്ട്രേലിയ 399 റൺസെടുത്തു. ഗ്ലെൻ മാക്സ്വെല്ലിന്റെയും (106) ഡേവിഡ് വാർണറുടെയും (104) മികച്ച പ്രകടനത്തിന്റെ പിൻബലത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോറിലെത്തിയത്. 40 പന്തുകളിലാണ് മാക്സ്വെൽ സെഞ്ച്വറി നേടിയത്. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറിയാണ് മാക്സ്വെൽ നേടിയത്.
ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങിനിറങ്ങുകയായിരുന്നു. എന്നാൽ ടീമിന് തുടക്കത്തിൽ തന്നെ മിച്ചൽ മാർഷിനെ (9) നഷ്ടമായി. പിന്നാലെ കളത്തിൽ വാർണറും സ്റ്റീവ് സ്മിത്തും (71) ചേർന്നൊരുക്കിയ മികച്ച കൂട്ടുകെട്ടിലൂടെ ടീം ഗംഭീര സ്കോറിലെത്തുകയായിരുന്നു. 62 റൺസെടുത്ത മാർനസ് ലബുഷെയ്നും ടീമിനായി മികച്ച ബാറ്റിങ് കാഴ്ചവെച്ചു. നെതർലൻഡ്സിന് വേണ്ടി ലോഗൻ വാൻ ബീക്ക് നാല് വിക്കറ്റെടുത്തു. ബാസ് ഡി ലീഡ് രണ്ടും ആര്യൻ ദത്ത് ഒരു വിക്കറ്റും നേടി.