ഡൽഹി: ഏകദിന ലോകകപ്പിൽ വിജയക്കുതിപ്പ് തുടരാൻ ഓസ്ട്രേലിയ ഇന്നിറങ്ങും. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ അട്ടിമറി വീരന്മാരായ നെതര്ലൻഡ്സാണ് എതിരാളികൾ. രണ്ട് മത്സരങ്ങളിൽ പരാജയത്തോടെ തുടങ്ങിയ ഓസ്ട്രേലിയ രണ്ട് മത്സരങ്ങൾ വിജയിച്ച് കരുത്തോടെ തിരിച്ചുവന്നു. ലോകകപ്പിന് എണ്ണം തികയ്ക്കാൻ വന്നതല്ലെന്ന് ദക്ഷിണാഫ്രിക്കയെ തകർത്ത് നെതർലൻഡ്സ് അറിയിച്ചുകഴിഞ്ഞു. റൺ ഒഴുകുന്ന ഡൽഹിയിലെ പിച്ചിൽ വാർണറും മാർഷും സ്കോട്ട് എഡ്വേഡ്സുമൊക്കെ അടിച്ചുതകർക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ബെംഗളൂരുവിൽ പാകിസ്ഥാനെതിരെ ഓസീസ് ഓപ്പണറുമാർ തകർപ്പൻ സെഞ്ചുറികൾ നേടി. ട്രാവിസ് ഹെഡ് കൂടി എത്തുമ്പോൾ ഓസീസ് കൂടുതൽ കരുത്താർജിക്കും. ഹെഡ് വരുമ്പോൾ മാര്നസ് ലബുഷെയ്ൻ പുറത്തിരുന്നേക്കും. സ്റ്റീവ് സ്മിത്തിന്റെ മോശം പ്രകടനമാണ് ഓസ്ട്രേലിയയ്ക്ക് വലിയ തലവേദനയാകുന്നത്. ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സ്മിത്തിന് കഴിഞ്ഞിട്ടില്ല.
ശക്തരായ എതിരാളികൾ മത്സരത്തിൽ മേൽക്കൈ നേടിയപ്പോഴും ആത്മവിശ്വാസം കൈവിടാതെ പോരാടുന്നതാണ് നെതർലൻഡ്സിന്റെ കഴിവ്. ശ്രീലങ്കയ്ക്കെതിരെ ആറിന് 91 എന്ന നിലയിൽ നിന്നും നെതർലൻഡ്സ് സ്കോർ 262ലേക്ക് ഉയർന്നു. 82 റൺസിൽ അഞ്ച് വിക്കറ്റ് വീണ ശേഷമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഡച്ച് പട എട്ടിന് 245ൽ എത്തിയത്. പഴയ പ്രതാപം ഇല്ലാത്ത ഓസ്ട്രേലിയയ്ക്കെതിരെ നെതർലൻഡ്സിന് എന്തു ചെയ്യാൻ കഴിയുമെന്ന് കാത്തിരുന്ന് കാണാം.