
മുംബൈ: ഏകദിന ലോകകപ്പിൽ തകർപ്പൻ ബാറ്റിങ് ആണ് ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്ക് പുറത്തെടുക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ മൂന്ന് സെഞ്ചുറി ദക്ഷിണാഫ്രിക്കൻ ഓപ്പണർ നേടിക്കഴിഞ്ഞു. ലോകകപ്പിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനും ഡി കോക്ക് ആണ്. ഇന്ത്യയുടെ വിരാട് കോഹ്ലിയെ മറികടന്ന് ഡി കോക്ക് 407 റൺസിലെത്തിക്കഴിഞ്ഞു.
ക്രിക്കറ്റ് ലോകകപ്പിൽ ഡി കോക്കിന്റെ മികച്ച ഫോം കാണുന്ന ആരാധകർക്ക് ഒറ്റക്കാര്യമേ പറയാനുള്ളു, 'ഡി കോക്ക് താങ്കൾ വിരമിക്കരുത്'. ലോകകപ്പ് വേദിയിൽ ആരാധകർ ഈ ആവശ്യം ഉയർത്തിക്കഴിഞ്ഞു. എന്നാൽ താരം ഇതിനോട് പ്രതികരിച്ചിട്ടില്ല. ഡി കോക്കിനെ സ്വതന്ത്രമായി വിടണമെന്നാണ് അയ്ഡാൻ മാക്രത്തിന്റെ അഭ്യർത്ഥന.
Fan requests Quinton de Kock not to retire from ODI cricket after ICC Cricket World Cup 2023 #DeKock #QuintondeKock
— Khel Cricket (@Khelnowcricket) October 24, 2023
📷: Disney+Hotstar pic.twitter.com/RHpaTM7c94
ക്രിക്കറ്റിനെ കുറിച്ച് ഡി കോക്കിന് മികച്ച ധാരണയുണ്ട്. മത്സരത്തിന് മുമ്പ് ഡി കോക്ക് പിച്ചിനെ വിലയിരുത്തും. എങ്ങനെ കളിക്കണമെന്ന് സഹതാരങ്ങളുമായി ആശയവിനിമയം നടത്തും. എങ്കിലും ഡി കോക്കിന്റെ ചിറകുകൾക്ക് തടയിടാൻ ദക്ഷിണാഫ്രിക്കൻ ടീം ആഗ്രഹിക്കുന്നില്ല. ആരാധകരും അദ്ദേഹത്തെ പറക്കാൻ അനുവദിക്കണമെന്ന് മാക്രം വ്യക്തമാക്കി.
ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഡി കോക്ക് നേരത്തെ പറഞ്ഞിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് താരം കഴിഞ്ഞ വർഷം വിരമിച്ചിരുന്നു. 30 വയസ് മാത്രമുള്ള ഡി കോക്കിനെ ഇനി ട്വന്റി20 ക്രിക്കറ്റിൽ മാത്രമേ കാണാൻ കഴിയുകയുള്ളു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഡി കോക്കിന്റെ താൽപ്പര്യം.