ഡച്ച് പടയെ തച്ചുടച്ച് ഓസീസ്; 309 റണ്സിന്റെ ആധികാരികവിജയം

ലോകകപ്പ് ചരിത്രത്തില് റണ്സ് അടിസ്ഥാനത്തില് ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണിത്

dot image

ന്യൂഡല്ഹി: ഏകദിന ലോകകപ്പില് നെതര്ലന്ഡ്സിനെ വീഴ്ത്തി ഓസീസ്. 309 റണ്സിന്റെ റെക്കോര്ഡ് വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 400 റണ്സെന്ന കൂറ്റന് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഓറഞ്ച് പട 20.5 ഓവറില് വെറും 90 റണ്സിന് ഓള്ഔട്ടായി. ലോകകപ്പ് ചരിത്രത്തില് റണ്സ് അടിസ്ഥാനത്തില് ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണിത്. ഡേവിഡ് വാര്ണറിന്റെയും ഗ്ലെന് മാക്സ്വെല്ലിന്റെയും തകര്പ്പന് സെഞ്ച്വറിക്കരുത്തിലാണ് ഓസ്ട്രേലിയ ഹിമാലയന് ടോട്ടല് സ്വന്തമാക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് നെതര്ലന്ഡ്സിന്റെ നട്ടെല്ലൊടിച്ചത്. മിച്ചല് മാര്ഷ് രണ്ട് വിക്കറ്റും വീഴ്ത്തി.

400 റണ്സെന്ന കൂറ്റന് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ഡച്ച് പടയ്ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നെതര്ലന്ഡ്സ് നിരയില് ആരും പൊരുതി നോക്കുക പോലും ചെയ്തില്ല. 25 റണ്സ് നേടിയ വിക്രംജീത് സിംഗാണ് നെതര്ലന്ഡ്സിന്റെ ടോപ് സ്കോറര്. കോളിന് അക്കര്മാന് (10), സിബ്രാന്ഡ് ഏങ്കല്ബ്രഷ് (11), സ്കോട്ട് എഡ്വേര്ഡ്സ് (പുറത്താവാതെ 12) തേജ നിഡമനുരു (14) എന്നിവര് മാത്രമാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്. മാക്സ് ഒഡൗഡ് (6), ബാസ് ഡീ ലീഡെ (4), ലോഗന് വാന് ബീക്ക് (0), റോള്ഫ് വാന് ഡര് മെര്വെ (0), ആര്യന് ദത്ത് (1), പോള് വാന് മീകെരന് (0) എന്നിവരും പുറത്തായി.

ന്യൂഡല്ഹിയിലെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തില് ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തില് 399 റണ്സെടുത്തിരുന്നു. ഡേവിഡ് വാര്ണറുടെയും ഗ്ലെന് മാക്സ്വെല്ലിന്റെയും സെഞ്ചുറികളും സ്റ്റീവ് സ്മിത്ത്, മാര്നസ് ലബുഷെയ്ന് എന്നിവരുടെ അര്ധ സെഞ്ചുറികളുമാണ് ഓസ്ട്രേലിയ കൂറ്റൻ സ്കോറിലെത്തിച്ചത്. 40 പന്തുകളിലാണ് മാക്സ്വെൽ സെഞ്ച്വറി നേടിയത്. ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ സെഞ്ച്വറിയാണ് മാക്സ്വെൽ നേടിയത്.

ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിങിനിറങ്ങുകയായിരുന്നു. എന്നാൽ ടീമിന് തുടക്കത്തിൽ തന്നെ മിച്ചൽ മാർഷിനെ (9) നഷ്ടമായി. പിന്നാലെ കളത്തിൽ വാർണറും സ്റ്റീവ് സ്മിത്തും (71) ചേർന്നൊരുക്കിയ മികച്ച കൂട്ടുകെട്ടിലൂടെ ടീം ഗംഭീര സ്കോറിലെത്തുകയായിരുന്നു. 62 റൺസെടുത്ത മാർനസ് ലബുഷെയ്നും ടീമിനായി മികച്ച ബാറ്റിങ് കാഴ്ചവെച്ചു. നെതർലൻഡ്സിന് വേണ്ടി ലോഗൻ വാൻ ബീക്ക് നാല് വിക്കറ്റെടുത്തു. ബാസ് ഡി ലീഡ് രണ്ടും ആര്യൻ ദത്ത് ഒരു വിക്കറ്റും നേടി. ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ഓസീസിന്റെ തുടര്ച്ചയായ മൂന്നാം ജയമാണിത്. ഇതോടെ ഓസ്ട്രേലിയ സെമി സാധ്യതകള് സജീവമാക്കി നിലനിര്ത്തി.

dot image
To advertise here,contact us
dot image