കൊച്ചി: ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്ലി നേടിയെടുക്കുന്ന റെക്കോർഡുകൾ തകർക്കാൻ ഭാവി താരങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് ഇന്ത്യൻ മുൻ പേസർ എസ് ശ്രീശാന്ത്. സച്ചിൻ തെണ്ടുൽക്കറിന്റെ 49 സെഞ്ചുറിയെന്ന ഏകദിന ക്രിക്കറ്റിലെ റെക്കോർഡ് കോഹ്ലി ഉടൻ മറികടക്കും. ലോകകപ്പിൽ കൂടുതൽ ആവേശം നിറഞ്ഞ കോഹ്ലിയെ ആണ് കാണാൻ കഴിയുന്നത്. ഒരു ബാറ്ററായി മാത്രമല്ല, ഫീൽഡിങ്ങിലും കോഹ്ലിയുടെ പ്രകടനം മികച്ചതാണെന്ന് ശ്രീശാന്ത് വ്യക്തമാക്കി.
ഏകദിന ക്രിക്കറ്റിൽ വിരാട് കോഹ്ലി 48 സെഞ്ചുറികൾ പൂർത്തിയാക്കി കഴിഞ്ഞു. സച്ചിൻ തെണ്ടുൽക്കറിന്റെ 49 സെഞ്ചുറിയെന്ന റെക്കോർഡിനടുത്തെത്തിയപ്പോഴാണ് കഴിഞ്ഞ മത്സരത്തിൽ കോഹ്ലി അപ്രതീക്ഷിതമായി പുറത്തായത്. ലോകകപ്പിൽ തന്നെ സച്ചിന്റെ റെക്കോർഡ് കോഹ്ലി മറികടക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.
ഏകദിന ക്രിക്കറ്റിൽ 286 മത്സരങ്ങൾ കോഹ്ലി പൂർത്തിയാക്കി കഴിഞ്ഞു. 274 ഇന്നിംഗ്സുകളിൽ നിന്നായി 13,437 റൺസ് കോഹ്ലി ഇതിനോടകം നേടിക്കഴിഞ്ഞു. സച്ചിൻ 463 മത്സരങ്ങൾ കളിച്ചപ്പോൾ 452 ഇന്നിംഗ്സുകളിൽ നിന്നായി 18,426 റൺസ് നേടിയിട്ടുണ്ട്. 4,990 റൺസ് കൂടി നേടിയാൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാകും ഇന്ത്യയുടെ വിരാട് കോഹ്ലി.