കൊൽക്കത്ത: ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെ 229 റൺസിലൊതുക്കി ബംഗ്ലാദേശ്. മത്സരത്തിൽ ടോസ് വിജയിച്ച നെതർലൻഡ്സ് ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. സ്കോർബോർഡിൽ നാല് എന്ന് തെളിഞ്ഞപ്പോഴേയ്ക്കും ഓപ്പണർമാർ ഡഗ്ഔട്ടിലേക്ക് മടങ്ങി. മൂന്നാം വിക്കറ്റിൽ വെസ്ലി ബാരസി രക്ഷാപ്രവർത്തനം നടത്തി. 15 റൺസെടുത്ത കോളിൻ അക്കർമാൻ പിന്തുണച്ചു. പക്ഷേ നെതർലൻഡ്സ് 63 റൺസിലെത്തിയപ്പോൾ ഇരുവരും മടങ്ങി. 41 റൺസെടുത്ത ബാരസിയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
അഞ്ചാമനായി ക്രീസിലെത്തിയ നായകൻ സ്കോട്ട് എഡ്വേഡ്സ് ഡച്ച് പടയെ ചുമലിലേറ്റി. 17 റൺസുമായി ബാസ് ഡി ലീഡും 35 റൺസുമായി സിബ്രാന്ഡ് എങ്കല്ബ്രെച്ചും ഒപ്പം നിന്നു. 68 റൺസുമായി സ്കോട്ട് എഡ്വേർഡ് മടങ്ങുമ്പോൾ നെതർലൻഡ്സ് സ്കോർ ആറിന് 185ൽ എത്തിയിരുന്നു. ഏഴാമനായി എങ്കല്ബ്രെച്ച് പുറത്തായി.
വാലറ്റക്കാരെ കൂട്ടുപിടിച്ച് ലോഗൻ വാൻ ബീക്ക് നടത്തിയ പോരാട്ടം സ്കോർബോർഡ് 200 കടത്തി. 50 ഓവറും പൂർത്തിയാക്കിയ ഡച്ച് പട 230 എന്ന ലക്ഷ്യം ബംഗ്ലാദേശിന് മുന്നിൽവെച്ചു. ബംഗ്ലാദേശ് നിരയിൽ ഷൊറിഫുൾ ഇസ്ലാം, ടസ്കിൻ അഹമ്മദ്, മുഷ്ഫിക്കർ റഹ്മാൻ, മെഹിദി ഹസൻ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഷക്കീബ് അൽ ഹസൻ ഒരു വിക്കറ്റും സ്വന്തമാക്കി.