ദുബായ്: ഏകദിന ലോകകപ്പിലെ മോശം പ്രകടനം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് തിരിച്ചടിയാകുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കളിച്ച ആറ് മത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ടു. പോയിന്റ് ടേബിളിൽ നിലവിൽ അവസാന സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കാനായില്ലെങ്കിൽ 2025ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിന് കളിക്കാൻ കഴിഞ്ഞേക്കില്ല.
ചാമ്പ്യൻസ് ട്രോഫിക്കായി ടീമുകളെ തിരഞ്ഞെടുക്കുന്നതിന് ഐസിസി പുതിയ യോഗ്യതാ മാനദണ്ഡം മുന്നോട്ടുവെച്ചിരിക്കുകയാണ്. ഏകദിന ലോകകപ്പിലെ ലീഗ് റൗണ്ട് കഴിയുമ്പോൾ ആദ്യ ഏഴ് സ്ഥാനക്കാരാകുന്ന ടീമുകൾ ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടും. ആതിഥേയ രാഷ്ട്രമായ പാകിസ്താനും എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന് യോഗ്യത ലഭിക്കും. അങ്ങനെയെങ്കിൽ ക്രിക്കറ്റ് എന്ന വിനോദം ലോകത്തിന് സമ്മാനിച്ച ഇംഗ്ലണ്ട് ഇല്ലാതെ 2025ലെ ചാമ്പ്യൻസ് ട്രോഫി നടക്കും. രണ്ട് തവണ ട്വന്റി20 ലോകകപ്പും ഒരു തവണ ഏകദിന ലോകകപ്പും ഇംഗ്ലണ്ട് ടീം നേടിയിട്ടുണ്ട്. ഇഎസ്പിഎൻ ക്രിക്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ലോകകപ്പിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ ഓസ്ട്രേലിയയും നെതർലൻഡ്സും പാകിസ്താനുമാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. മൂന്ന് മത്സരങ്ങളും വിജയിച്ചാൽ ഇംഗ്ലണ്ടിന് ഏഴാം സ്ഥാനത്തേയ്ക്ക് എത്താൻ സാധിച്ചേക്കും. 2021ലാണ് ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള യോഗ്യതാ നിയമത്തിൽ തിരുത്തൽ വരുത്തിയത്. പുതിയ നിയമപ്രകാരം ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതിരുന്ന വെസ്റ്റ് ഇൻഡീസ്, സിംബാബ്വെ, അയർലൻഡ് ടീമുകൾക്കും ഇനി ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടാൻ കഴിയില്ല.