വീണ്ടും അഫ്ഗാന് വിജയഗാഥ; നെതര്ലന്ഡ്സിനെ ഏഴ് വിക്കറ്റുകള്ക്ക് തകര്ത്തു

അഫ്ഗാന് മറുപടി ബാറ്റിങ്ങില് വെറും 31.3 ഓവറില് വിജയലക്ഷ്യം മറികടന്നു

dot image

ലഖ്നൗ: ഏകദിന ലോകകപ്പില് വീണ്ടും അഫ്ഗാന് വിജയഗാഥ. നെതര്ലന്ഡ്സിനെ ഏഴ് വിക്കറ്റുകള്ക്കാണ് അഫ്ഗാനിസ്താന് പരാജയപ്പെടുത്തിയത്. ഡച്ച് പടയെ 179 റണ്സിലൊതുക്കിയ അഫ്ഗാന് മറുപടി ബാറ്റിങ്ങില് വെറും 31.3 ഓവറില് വിജയലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയ അഫ്ഗാന് 181 റണ്സ് നേടി. അര്ധസെഞ്ച്വറി നേടിയ റഹ്മത്ത് ഷായുടെയും ക്യാപ്റ്റന് ഹഷ്മത്തുള്ള ഷാഹിദിയുടെയും തകര്പ്പന് ഇന്നിങ്സാണ് അഫ്ഗാന്റെ വിജയം അനായാസമാക്കിയത്. 56 റണ്സെടുത്ത നായകന് ഹഷ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാന്റെ ടോപ് സ്കോറര്.

180 റണ്സെന്ന കുഞ്ഞന് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ അഫ്ഗാന് കാര്യങ്ങളെല്ലാം എളുപ്പമായിരുന്നു. ആറാം ഓവറിലാണ് അഫ്ഗാന്റെ ആദ്യ വിക്കറ്റ് വീഴുന്നത്. ഓപ്പണര് റഹ്മാനുള്ള ഗുര്ബാസിനെ ലോഗന് വാന് ബീക്ക് ഡച്ച് ക്യാപ്റ്റന് സ്കോട്ട് എഡ്വാര്ഡ്സിന്റെ കൈകളിലെത്തിച്ചു. 11 പന്തില് നിന്ന് 10 റണ്സ് നേടിയായിരുന്നു ഗുര്ബാസിന്റെ മടക്കം. പിന്നീട് 11-ാം വിക്കറ്റില് സഹ ഓപ്പണര് ഇബ്രാഹിം സദ്രാനെ വാന്ഡര് മെര്വും മടക്കി. 34 പന്തില് നിന്ന് 20 റണ്സാണ് സദ്രാന്റെ സമ്പാദ്യം.

മൂന്നാം വിക്കറ്റില് ഒരുമിച്ച റഹ്മത്ത് ഷായും ക്യാപ്റ്റന് ഹഷ്മത്തുള്ള ഷാഹിദിയും അഫ്ഗാനെ 100 കടത്തി. അതിനിടയില് റഹ്മത്ത് ഷാ അര്ധസെഞ്ച്വറി തികച്ചു. 54 പന്തില് നിന്ന് എട്ട് ബൗണ്ടറിയടക്കം 52 റണ്സ് നേടിയ താരത്തെ സാക്കിബ് സുല്ഫിക്കര് പവലിയനിലെത്തിച്ചു. 23-ാം ഓവറില് മൂന്നാം വിക്കറ്റ് വീഴുമ്പോള് അഫ്ഗാന് സ്കോര് 129 ആയിരുന്നു.

പിന്നീടിറങ്ങിയ അസ്മത്തുള്ള ഒമര്സായിയെയും കൂട്ടുപിടിച്ച് ക്യാപ്റ്റന് ഹഷ്മത്തുള്ള ഷാഹിദി അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചു. അതിനിടയില് ഹഷ്മത്തുള്ളയും അര്ധ സെഞ്ച്വറി തികച്ചു. 32-ാം ഓവറില് ആര്യന് ദത്തിന്റെ മൂന്നാം പന്തിനെ ബൗണ്ടറി പായിച്ച് അഫ്ഗാന് നായകന് വിജയലക്ഷ്യം മറികടന്നു. 64 പന്തില് നിന്ന് ആറ് ബൗണ്ടറിയടക്കം 56 റണ്സെടുത്ത് ഹഷ്മത്തുള്ളയും 28 പന്തില് നിന്ന് മൂന്ന് ബൗണ്ടറിയടക്കം 31 റണ്സ് നേടിയ അസ്മത്തുള്ള ഒമര്സായിയും പുറത്താകാതെ നിന്നു.

ലഖ്നൗവില് ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ നെതര്ലന്ഡ്സിനെ അഫ്ഗാനിസ്താന് 179 റണ്സിലൊതുക്കുകയായിരുന്നു. 46.3 ഓവറില് ഡച്ച് പട ഓള്ഔട്ടായി. 58 റണ്സ് നേടിയ സിബ്രാന്ഡ് ഏങ്കല്ബ്രെക്ട് ആണ് ഡച്ച് പടയുടെ ടോപ് സ്കോറര്. ടോപ് ഓര്ഡറിലെ നാല് റണ്ണൗട്ടുകളാണ് നെതര്ലന്ഡ്സ് ഇന്നിങ്സിന്റെ താളം തെറ്റിച്ചത്. അഫ്ഗാന് വേണ്ടി മുഹമ്മദ് നബി മൂന്നും നൂര് അഹമ്മദ് രണ്ടും വിക്കറ്റുകള് വീഴ്ത്തി.

ഓറഞ്ച് പടയെ ഞെട്ടിച്ച് ആദ്യ ഓവറില് തന്നെ വിക്കറ്റ് വീണു. ഓപ്പണര് വെസ്ലി ബരേസിയെ (1) വിക്കറ്റിന് മുന്നില് കുരുക്കി മുജീബ് ഉര് റഹ്മാനാണ് അഫ്ഗാന്റെ ബൗളിങ്ങ് ആക്രമണത്തിന് തുടക്കമിട്ടത്. ഓപ്പണര് മാക്സ് ഒഡൗഡിനൊപ്പം കോളിന് അക്കര്മാന് ചേര്ന്നതോടെ നെതര്ലന്ഡ്സ് അതിവേഗം സ്കോര് ചെയ്തു. ഇരുവരും ചേര്ന്ന് രണ്ടാം വിക്കറ്റില് 70 റണ്സ് ബോര്ഡില് ചേര്ത്തു. സ്കോര് 73ല് നില്ക്കെ ഒഡൗഡ് റണ്ണൗട്ടായതു അഫ്ഗാന് ബ്രേക്ക് ത്രൂ നല്കി. 12-ാം ഓവറിലാണ് ഒഡൗഡ് മടങ്ങിയത്. 40 പന്തില് നിന്ന് ഒന്പത് ബൗണ്ടറികളടക്കം 42 റണ്സ് നേടിയ ഒഡൗഡിനെ അസ്മത്തുള്ള ഒമര്സായി റണ്ണൗട്ടാക്കുകയായിരുന്നു. ഒഡൗഡിന് പിന്നാലെയെത്തിയ സിബ്രാന്ഡ് ഏങ്കല്ബ്രെക്ടും പൊരുതി.

19-ാം ഓവറില് കോളിന് അക്കര്മാനെ റാഷിദ് ഖാന് റണ്ണൗട്ടാക്കി. 35 പന്തില് നിന്ന് നാല് ബൗണ്ടറിയടക്കം 29 റണ്സ് നേടിയായിരുന്നു അക്കര്മാന്റെ മടക്കം. മൂന്നാം വിക്കറ്റ് വീഴുമ്പോള് 92 ആയിരുന്നു ഡച്ച് സ്കോര്. എന്നാല് പിന്നീട് അഞ്ച് റണ്സ് കൂട്ടിച്ചേര്ക്കുന്നതിനിടെ നെതര്ലന്ഡ്സിന് മൂന്ന് വിക്കറ്റ് നഷ്ടമായി. അഞ്ചാമനായി ക്രീസിലെത്തിയ ക്യാപ്റ്റന് സ്കോട്ട് എഡ്വാര്ഡ്സിനെ (0) മുഹമ്മദ് നബി റണ്ണൗട്ടാക്കി. ബാസ് ഡി ലീഡ് (3), സാക്കിബ് സുല്ഫിക്കര് (3) എന്നിവര് അതിവേഗം മടങ്ങി. പിന്നീടെത്തിയ ലോഗന് വാന് ബീക്കിനും (2) കാര്യമായ സംഭാവന നല്കാനായില്ല.

മറുവശത്ത് വിക്കറ്റുകള് വീണുകൊണ്ടിരിക്കുമ്പോഴും സിബ്രാന്ഡ് ഏങ്കല്ബ്രെക്ട് ക്രീസിലുറച്ചുനിന്നിരുന്നു. അര്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ ഏങ്കല്ബ്രെക്ടിനും മടങ്ങേണ്ടി വന്നു. ഡച്ച് സ്കോര് 150 കടത്തിയായിരുന്നു താരം പവലിയനിലെത്തിയത്. 35-ാം ഓവറില് മുഹമ്മദ് നബി ഏങ്കല്ബ്രെക്ടിനെ റണ്ണൗട്ടാക്കുകയായിരുന്നു. 86 പന്തില് നിന്ന് 58 റണ്സ് നേടിയ ഏങ്കല്ബ്രെക്ടാണ് നെതര്ലന്ഡ്സിന്റെ ടോപ് സ്കോറര്. 11 റണ്സെടുത്ത റോലോഫ് വാന് ഡെര് മെര്വ് 42-ാം ഓവറില് പുറത്തായി. അവസാനക്കാരനായി ക്രീസിലെത്തിയ പോള് വാന് മീകെരെന് (4) 47ാം ഓവറില് പുറത്തായതോടെ നെതര്ലന്ഡ് ഓള്ഔട്ടായി. മീകെരെനെ വിക്കറ്റിന് മുന്നില് കുരുക്കി മുഹമ്മദ് നബിയാണ് ഡച്ച് ഇന്നിങ്സ് അവസാനിപ്പിച്ചത്. 22 പന്തില് നിന്ന് 10 റണ്സുമായി ആര്യന് ദത്ത് പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us