റണ്ണൗട്ടോട് റണ്ണൗട്ട്; ഡച്ച് പടയെ 179 റണ്സിലൊതുക്കി അഫ്ഗാന്

ആദ്യം ബാറ്റിങ്ങിനിറങ്ങിയ നെതര്ലന്ഡ്സ് 46.3 ഓവറില് ഓള്ഔട്ടായി

dot image

ലഖ്നൗ: ഏകദിന ലോകകപ്പില് നെതര്ലന്ഡ്സിനെ 179 റണ്സിലൊതുക്കി അഫ്ഗാനിസ്താന്. ലഖ്നൗവില് ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡച്ച് പട 46.3 ഓവറില് ഓള്ഔട്ടായി. 58 റണ്സ് നേടിയ സിബ്രാന്ഡ് ഏങ്കല്ബ്രെക്ട് ആണ് ഡച്ച് പടയുടെ ടോപ് സ്കോറര്. ടോപ് ഓര്ഡറിലെ നാല് റണ്ണൗട്ടുകളാണ് നെതര്ലന്ഡ്സ് ഇന്നിങ്സിന്റെ താളം തെറ്റിച്ചത്. അഫ്ഗാന് വേണ്ടി മുഹമ്മദ് നബി മൂന്നും നൂര് അഹമ്മദ് രണ്ടും വിക്കറ്റുകള് വീഴ്ത്തി.

ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില് ടോസ് നേടിയ നെതര്ലന്ഡ്സ് ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല് ഡച്ച് പടയെ ഞെട്ടിച്ച് ആദ്യ ഓവറില് തന്നെ വിക്കറ്റ് വീണു. ഓപ്പണര് വെസ്ലി ബരേസിയെ (1) വിക്കറ്റിന് മുന്നില് കുരുക്കി മുജീബ് ഉര് റഹ്മാനാണ് അഫ്ഗാന്റെ ബൗളിങ്ങ് ആക്രമണത്തിന് തുടക്കമിട്ടത്. ഓപ്പണര് മാക്സ് ഒഡൗഡിനൊപ്പം കോളിന് അക്കര്മാന് ചേര്ന്നതോടെ നെതര്ലന്ഡ്സ് അതിവേഗം സ്കോര് ചെയ്തു.

ഇരുവരും ചേര്ന്ന് രണ്ടാം വിക്കറ്റില് 70 റണ്സ് ബോര്ഡില് ചേര്ത്തു. സ്കോര് 73ല് നില്ക്കെ ഒഡൗഡ് റണ്ണൗട്ടായതു അഫ്ഗാന് ബ്രേക്ക് ത്രൂ നല്കി. 12-ാം ഓവറിലാണ് ഒഡൗഡ് മടങ്ങിയത്. 40 പന്തില് നിന്ന് ഒന്പത് ബൗണ്ടറികളടക്കം 42 റണ്സ് നേടിയ ഒഡൗഡിനെ അസ്മത്തുള്ള ഒമര്സായി റണ്ണൗട്ടാക്കുകയായിരുന്നു. ഒഡൗഡിന് പിന്നാലെയെത്തിയ സിബ്രാന്ഡ് ഏങ്കല്ബ്രെക്ടും പൊരുതി.

19-ാം ഓവറില് കോളിന് അക്കര്മാനെ റാഷിദ് ഖാന് റണ്ണൗട്ടാക്കി. 35 പന്തില് നിന്ന് നാല് ബൗണ്ടറിയടക്കം 29 റണ്സ് നേടിയായിരുന്നു അക്കര്മാന്റെ മടക്കം. മൂന്നാം വിക്കറ്റ് വീഴുമ്പോള് 92 ആയിരുന്നു ഡച്ച് സ്കോര്. എന്നാല് പിന്നീട് അഞ്ച് റണ്സ് കൂട്ടിച്ചേര്ക്കുന്നതിനിടെ നെതര്ലന്ഡ്സിന് മൂന്ന് വിക്കറ്റ് നഷ്ടമായി. അഞ്ചാമനായി ക്രീസിലെത്തിയ ക്യാപ്റ്റന് സ്കോട്ട് എഡ്വാര്ഡ്സിനെ (0) മുഹമ്മദ് നബി റണ്ണൗട്ടാക്കി. ബാസ് ഡി ലീഡ് (3), സാക്കിബ് സുല്ഫിക്കര് (3) എന്നിവര് അതിവേഗം മടങ്ങി. പിന്നീടെത്തിയ ലോഗന് വാന് ബീക്കിനും (2) കാര്യമായ സംഭാവന നല്കാനായില്ല.

മറുവശത്ത് വിക്കറ്റുകള് വീണുകൊണ്ടിരിക്കുമ്പോഴും സിബ്രാന്ഡ് ഏങ്കല്ബ്രെക്ട് ക്രീസിലുറച്ചുനിന്നിരുന്നു. അര്ധസെഞ്ച്വറി തികച്ചതിന് പിന്നാലെ ഏങ്കല്ബ്രെക്ടിനും മടങ്ങേണ്ടി വന്നു. ഡച്ച് സ്കോര് 150 കടത്തിയായിരുന്നു താരം പവലിയനിലെത്തിയത്. 35-ാം ഓവറില് മുഹമ്മദ് നബി ഏങ്കല്ബ്രെക്ടിനെ റണ്ണൗട്ടാക്കുകയായിരുന്നു. 86 പന്തില് നിന്ന് 58 റണ്സ് നേടിയ ഏങ്കല്ബ്രെക്ടാണ് നെതര്ലന്ഡ്സിന്റെ ടോപ് സ്കോറര്. 11 റണ്സെടുത്ത റോലോഫ് വാന് ഡെര് മെര്വ് 42-ാം ഓവറില് പുറത്തായി. അവസാനക്കാരനായി ക്രീസിലെത്തിയ പോള് വാന് മീകെരെന് (4) 47-ാം ഓവറില് പുറത്തായതോടെ നെതര്ലന്ഡ് ഓള്ഔട്ടായി. മീകെരെനെ വിക്കറ്റിന് മുന്നില് കുരുക്കി മുഹമ്മദ് നബിയാണ് ഡച്ച് ഇന്നിങ്സ് അവസാനിപ്പിച്ചത്. 22 പന്തില് നിന്ന് 10 റണ്സുമായി ആര്യന് ദത്ത് പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us