മെല്ബണ്: ഇന്ത്യന് ബൗളിങ് നിരയെ പ്രശംസിച്ച് മുന് ഓസീസ് വിക്കറ്റ് കീപ്പിങ് ബാറ്റര് ആദം ഗില്ക്രിസ്റ്റ്. ഇന്ത്യയുടെ ബൗളിങ് വീര്യം എല്ലാവരെയും ഭയപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളിങ് ത്രയങ്ങളായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ലോകകപ്പില് ഇതുവരെയുള്ള ഇന്ത്യയുടെ അപരാജിത കുതിപ്പിന് പിന്നിലെ ശക്തിയെന്നും ഗില്ക്രിസ്റ്റ് പറഞ്ഞു. ടൂര്ണമെന്റില് ആധിപത്യം തുടരുന്ന ഇന്ത്യയെ പരാജയപ്പെടുത്തുന്നതിന് ഒരു മാര്ഗം നിര്ദേശിക്കാനും ഗില്ക്രിസ്റ്റ് മറന്നില്ല.
'ടോസ് ലഭിച്ചാല് ആദ്യം ബാറ്റ് ചെയ്യാനായിരിക്കും ഇന്ത്യ ശ്രമിക്കുകയെന്ന് ഞാന് കരുതുന്നു. ചേസിങ്ങില് അവര് ദുര്ബലരാണെന്ന് ഞാന് കരുതുന്നില്ല. വിരാട് കോഹ്ലിയെ പോലുള്ള എക്കാലത്തേയും മികച്ച റണ് ചേസ് കോ-ഓര്ഡിനേറ്ററാണ് അവര്ക്കുള്ളത്', ഗില്ക്രിസ്റ്റ് പറഞ്ഞു. 'ഇന്ത്യക്കെന്നും മികച്ച ടീം ഉണ്ടായിരുന്നു. എന്നാല് അവരെ കൂടുതല് അപകടകാരികളാക്കി മാറ്റിയത് ഇപ്പോഴുള്ള ബൗളിങ് നിരയാണ്', മുന് ഓസീസ് താരം പറഞ്ഞു.
ഇന്ത്യയ്ക്ക് സന്തുലിതമായ ബൗളിങ് ലൈനപ്പാണുള്ളത്. ഇന്ത്യന് ബൗളിങ് നിര ആക്രമണം കടുപ്പിക്കുന്നത് രാത്രിയിലാണ്. പകല് വെളിച്ചത്തില് അവരെ നേരിടുന്നതായിരിക്കും കുറച്ചുകൂടി എളുപ്പമെന്നാണ് ഗില്ക്രിസ്റ്റിന്റെ നിരീക്ഷണം. അതുകൊണ്ട് തന്നെ ഇന്ത്യയെ പരാജയപ്പെടുത്താനുള്ള ഒരേയൊരു മാര്ഗം ടോസ് ലഭിക്കുകയാണെങ്കില് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയാണെന്ന് നിര്ദേശിക്കുകയാണ് ഗില്ക്രിസ്റ്റ്.
ഏകദിന ലോകകപ്പില് അപരാജിതരായി മുന്നേറുകയാണ് ടീം ഇന്ത്യ. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. അടുത്ത ഞായറാഴ്ച അവസാന മത്സരത്തില് നെതര്ലന്ഡ്സിനെ നേരിടാനൊരുങ്ങുകയാണ് രോഹിത് ശര്മയും സംഘവും.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകളാണ് നിലവില് സെമി ഉറപ്പിച്ചത്. സെമി ഫൈനലില് ഇന്ത്യയുടെ എതിരാളികള് ആരാണെന്നാണ് ഇനി അറിയാനുള്ളത്. പോയിന്റ് പട്ടികയില് നാലാംസ്ഥാനത്തു ഫിനിഷ് ചെയ്യുന്ന ടീമുമായിട്ടാണ് 15നു മുംബൈയിലെ വാംഖഡെയില് വച്ച് ഇന്ത്യ ഏറ്റുമുട്ടുക. ന്യൂസിലാന്ഡ്, പാകിസ്താന്, അഫ്ഗാനിസ്താന് എന്നിവരിലൊരു ടീമായിരിക്കും സെമിയില് ഇന്ത്യയെ കാത്തിരിക്കുന്നത്. രണ്ടാം സെമി ഫൈനലില് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഏറ്റുമുട്ടുകയും ചെയ്യും.