ബെംഗളൂരു: ഏകദിന ലോകകപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യ. എതിരാളികളെ നിലംപരിശാക്കിയാണ് കളിച്ച ഒമ്പത് മത്സരങ്ങളും ഇന്ത്യ ജയിച്ചത്. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയ്ക്ക് എതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 199 റൺസിൽ ഇന്ത്യ എറിഞ്ഞൊതുക്കി. 200 റൺസ് വിജയലക്ഷ്യത്തിലേക്ക് മുന്നേറിയ ഇന്ത്യ ആദ്യം വിറച്ചു. രണ്ട് റൺസിൽ ഇന്ത്യയുടെ മൂന്ന് മുൻനിര താരങ്ങൾ ഡഗ് ഔട്ടിൽ മടങ്ങിയെത്തി. ലോകകപ്പിൽ ഇന്ത്യ ഭയപ്പെട്ട ഏക നിമിഷം അതായിരുന്നു. പിന്നിടങ്ങോട്ട് നീലപ്പടയുടെ ജൈത്രയാത്രയ്ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. കങ്കാരുക്കൾ ആറ് വിക്കറ്റിന് കീഴടങ്ങി.
രണ്ടാം അങ്കത്തിൽ അഫ്ഗാനിസ്ഥാൻ ആയുധം നിലത്തുവെച്ചു. ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും എട്ടാം തവണയും നേർക്കുനേർ വന്നു. എട്ടാമതും പാകിസ്താൻ പരാജയമായിരുന്നു വിധി. അട്ടിമറിക്കാന് വന്ന കടുവകളെ ഇന്ത്യൻ സംഘം കൂട്ടിലടച്ചു. നാല് ജയത്തിന്റെ മേന്മ പറഞ്ഞുവന്ന കിവിസ് ഇന്ത്യൻ സംഘത്തിന് മുന്നിൽ കിതച്ചുവീണു.
ഇംഗ്ലീഷ് പരീക്ഷയിൽ നൂറിൽ നൂറ് മാർക്കോടെ ഇന്ത്യൻ താരങ്ങൾ ജയിച്ചുകയറി. സിംഹളവീര്യം പതിവുപോലെ ദുരന്ത കഥ ആവർത്തിച്ചു. ഏഷ്യാ കപ്പ് ഫൈനലിന്റെ തനി ആവർത്തനമായി ലങ്കൻ ബാറ്റിംഗ്. വെറും 55 റൺസിൽ ലങ്കൻ പട ഓൾ ഔട്ടായത് ചീട്ടുകൊട്ടാരം വീഴുന്ന വേഗത്തിലാണ്. സ്ഥിരതയുടെ പര്യായമായ പ്രോട്ടീസ് സംഘവും നീലപ്പടയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. നെതർലൻഡ്സ് അവസാന മത്സരം പൂർത്തിയാക്കി ബെംഗളൂരു വഴി നാട്ടിലേക്ക് മടങ്ങും. ഇനി സെമി ഫൈനലും പിന്നാലെ കലാശപ്പോരാട്ടവും. രണ്ട് ജയത്തിനപ്പുറം ലോകിരീടം കാത്തിരിക്കുന്നു. ലോകചാമ്പ്യനെ അറിയുവാൻ ഇനി ഏഴ് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.