മുംബൈ: ന്യൂസിലന്ഡിനെതിരായ ലോകകപ്പ് സെമിയില് സ്വപ്ന തുടക്കം ലഭിച്ച ഇന്ത്യയ്ക്ക് തിരിച്ചടിയായി ഓപ്പണര് ശുഭ്മാന് ഗില്ലിന്റെ പരിക്ക്. ന്യൂസിലന്ഡിനെതിരായ ലോകകപ്പ് സെമി ഫൈനലില് മികച്ച രീതിയില് ബാറ്റുചെയ്തുകൊണ്ടിരിക്കവേയാണ് ഗില്ലിന് പരിക്കേറ്റ് മടങ്ങേണ്ടി വന്നത്. പേശീവലിവ് കാരണം താരം 22-ാം ഓവറില് ഡഗ്ഔട്ടിലേക്ക് മടങ്ങി. 65 പന്തില് നിന്ന് എട്ട് ബൗണ്ടറിയും മൂന്ന് സിക്സുമടക്കം 79 റണ്സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. താരത്തിന് പകരം ശ്രേയസ് അയ്യര് ക്രീസിലെത്തി.
ശ്രേയസ് അയ്യരെ സാക്ഷിനിർത്തിയാണ് കോഹ്ലി മത്സരത്തിലെ അർധസെഞ്ച്വറി പൂർത്തിയാക്കിയത്. ഏകദിനത്തിൽ കോഹ്ലിയുടെ 72-ാമത് ഫിഫ്റ്റിയാണിത്. ഇതോടെ ഒരു ലോകകപ്പില് കൂടുതല് തവണ 50 റൺസിന് മുകളില് സ്കോര് ചെയ്ത താരമെന്ന നേട്ടത്തിനും കോഹ്ലി അർഹനായി. ഇത്തവണ ഇത് എട്ടാം തവണയാണ് കോഹ്ലി 50 കടക്കുന്നത്. ഏഴു തവണ 50 കടന്ന ഷാക്കിബ് അല് ഹസ്സന്, സച്ചിന് തെണ്ടുല്ക്കര് എന്നിവരുടെ റെക്കോഡാണ് കോഹ്ലി പഴങ്കഥയാക്കിയത്.
ഇതോടൊപ്പം ഏകദിനത്തിൽ കൂടുതൽ റൺസെടുക്കുന്ന മൂന്നാമത്തെ താരമായും വിരാട് കോഹ്ലി മാറി. ഏകദിന റണ്നേട്ടത്തില് മുന് ഓസീസ് താരം റിക്കി പോണ്ടിങ്ങിനെയാണ് താരം മറികടന്നത്. 13,704 റണ്സ് മറികടന്ന് വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തെത്തി. മുൻ ശ്രീലങ്കൻ താരം കുമാര് സംഗക്കാരയും സച്ചിൻ ടെണ്ടുൽക്കറും മാത്രമാണ് ഇനി കോഹ്ലിയുടെ മുന്നിലുള്ളത്. നിലവിൽ 33.1 ഓവറിൽ 240ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ. 84 പന്തിൽ നിന്ന് 80 റൺസെടുത്ത് കോഹ്ലിയും 23 പന്തിൽ നിന്ന് 31 റൺസെടുത്ത് ശ്രേയസ് അയ്യരുമാണ് ക്രീസിൽ.