റിയല് 'കിങ്' കോഹ്ലി, 'അയ്യര് ദ ഗ്രേറ്റ്'; കിവീസിനെതിരെ ഇന്ത്യയ്ക്ക് ഹിമാലയന് ടോട്ടല്

വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ച്വറികളാണ് കിവീസിന് ഹിമാലയന് വിജയലക്ഷ്യം സമ്മാനിച്ചത്

dot image

മുംബൈ: ഏകദിന ലോകകപ്പിലെ ആദ്യ സെമിഫൈനലില് ന്യൂസിലന്ഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന് സ്കോര്. വാങ്കഡെയില് ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 397 റണ്സെടുത്തു. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ച്വറികളാണ് കിവീസിന് ഹിമാലയന് വിജയലക്ഷ്യം സമ്മാനിച്ചത്.

വാങ്കഡെയിൽ ടോസ് നേടി ബാറ്റിങ്ങിനിങ്ങിയ ഇന്ത്യയ്ക്ക് ആവേശത്തുടക്കമാണ് ഹിറ്റ്മാനും ഗില്ലും സമ്മാനിച്ചത്. 29 പന്തില് 47 റണ്സ് നേടിയ രോഹിത് ശര്മ ഇന്ത്യന് സ്കോര് 71 ല് നില്ക്കെയാണ് മടങ്ങിയത്. ഒമ്പതാം ഓവറില് ടിം സൗത്തിയാണ് ഇന്ത്യന് ക്യാപ്റ്റനെ പുറത്താക്കിയത്. കെയ്ന് വില്യംസണായിരുന്നു ക്യാച്ച്. നാല് സിക്സുകളും നാല് ഫോറുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

വെടിക്കെട്ടിന് തുടക്കമിട്ട് ഹിറ്റ്മാന്, ഗില്ലിന് അര്ധസെഞ്ച്വറി; 150 കടന്ന് ഇന്ത്യ

രോഹിത് പുറത്തായതിന് ശേഷമെത്തിയ വിരാട് കോഹ്ലിയെയും കൂട്ടുപിടിച്ച് ശുഭ്മാന് ഗില് ഇന്ത്യയുടെ സ്കോറിങ് വേഗം കൂട്ടി. എന്നാല് അര്ധസെഞ്ച്വറിയും കടന്ന് കുതിച്ച ഗില് റിട്ടയേര്ഡ് ഹര്ട്ടായി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. തകര്പ്പന് ഫോമില് ബാറ്റ് വീശീയ താരത്തിന് പേശീവലിവ് കാരണം മൈതാനത്തിന് പുറത്ത് പോകേണ്ടിവന്നു. ഏകദിന കരിയറിലെ 13-ാം അര്ധ സെഞ്ചുറി പൂര്ത്തിയാക്കിയാണ് ഗില് മടങ്ങിയത്. 65 പന്തില് നിന്ന് എട്ട് ബൗണ്ടറിയും മൂന്ന് സിക്സുമടക്കം 79 റണ്സെടുത്തായിരുന്നു ഗിൽ പവലിയനിലെത്തിയത്. താരത്തിന് പകരം ശ്രേയസ് അയ്യര് ക്രീസിലെത്തി.

ഗില് 'റിട്ടയേര്ഡ് ഹര്ട്ട്', പോരാട്ടം തുടര്ന്ന് ശ്രേയസ്; കോഹ്ലിക്ക് അര്ധസെഞ്ച്വറി

വൺ ഡൗണായി ക്രീസിലെത്തിയ കോഹ്ലി ചരിത്രസെഞ്ച്വറി നേടി. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമായി മാറിയ കോഹ്ലി റെക്കോർഡിൽ ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറെ മറികടന്നു. സച്ചിന്റെ 49 സെഞ്ച്വറിയെന്ന റെക്കോർഡാണ് കോഹ്ലി വാങ്കഡെയിൽ സാക്ഷാൽ സച്ചിനെ തന്നെ സാക്ഷിനിർത്തി മാറ്റിമറിച്ചത്. മത്സരത്തില് 113 പന്തുകളില് ഒൻപത് ഫോറും രണ്ട് സിക്സുമടക്കം 117 റണ്സാണ് കോഹ്ലിയുടെ സമ്പാദ്യം. 44-ാം ഓവറില് സൗത്തിയുടെ ഓവറില് കോണ്വെയ്ക്ക് ക്യാച്ച് നല്കിയാണ് മുന് ഇന്ത്യന് ക്യാപ്റ്റന് മടങ്ങിയത്.

'ദൈവത്തെ മറികടന്ന് രാജാവ്'; ഏകദിനത്തില് ഏറ്റവും കൂടുതല് സെഞ്ച്വറി നേടിയ താരമായി കോഹ്ലി

67 പന്തില് സെഞ്ച്വറി തികച്ച് ശ്രേയസ് അയ്യരും മികച്ച പ്രകടനം കാഴ്ച വെച്ചു. 70 പന്തില് നാല് ഫോറും എട്ട് സിക്സുമടക്കം 107 റണ്സെടുത്ത അയ്യരെ ട്രെന്ഡ് ബോള്ട്ട് പുറത്താക്കുകയായിരുന്നു. പീന്നീട് പരിക്കിൽ നിന്ന് മുക്തനായ ഗില് ക്രീസില് തിരിച്ചെത്തി. അക്കൗണ്ടിൽ 80 റണ്സ് തികച്ചാണ് താരം പുറത്തായത്. 20 പന്തില് 39 റണ്സ് നേടി കെ എല് രാഹുല് പുറത്താകാതെ നിന്നു. രണ്ട് പന്തില് ഒരു റണ്സുമായി സൂര്യകുമാര് യാദവും പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us