ദക്ഷിണാഫ്രിക്കയെ വീഴ്ത്തി; ലോകകപ്പില് ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം

ഈഡന് ഗാര്ഡന്സില് നടന്ന സെമിഫൈനല് മത്സരത്തില് ദക്ഷിണാഫ്രിക്കയെ തകര്ത്തെറിഞ്ഞ് ഓസ്ട്രേലിയ ഫൈനലിലെത്തി

dot image

കൊല്ക്കത്ത: 2023 ഏകദിന ലോകകപ്പില് ഇന്ത്യ- ഓസ്ട്രേലിയ കലാശപ്പോരാട്ടം. സെമിഫൈനലില് ദക്ഷിണാഫ്രിക്കയെ തകര്ത്തെറിഞ്ഞ് ഓസ്ട്രേലിയ ഫൈനലിലെത്തി. കൊല്ക്കത്തയിലെ ഈഡന് ഗാര്ഡന്സില് നടന്ന മത്സരത്തില് മൂന്ന് വിക്കറ്റിന്റെ വിജയമാണ് പാറ്റ് കമ്മിന്സും സംഘവും സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്ത്തിയ 213 റണ്സെന്ന വിജയലക്ഷ്യം ഓസീസ് വെറും 16 പന്ത് ബാക്കി നിര്ത്തി ഏഴ് വിക്കറ്റ് നഷ്ടത്തില് മറികടന്നു. ആറാം ലോകകിരീടം ലക്ഷ്യമിട്ട് നവംബര് 19ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില് നടക്കുന്ന ഫൈനല് മത്സരത്തില് ഓസീസ് ഇന്ത്യയെ നേരിടും. ഓസ്ട്രേലിയയുടെ എട്ടാം ലോകകപ്പ് ഫൈനലാണിത്.

മറുപടി ബാറ്റിങ്ങില് ഭേദപ്പെട്ട തുടക്കമായിരുന്നു ഓപ്പണര്മാരായ ട്രാവിസ് ഹെഡും ഡേവിഡ് വാര്ണറും ഓസീസിന് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില് 60 റണ്സ് കൂട്ടിച്ചേര്ക്കാന് ഇരുവര്ക്കും കഴിഞ്ഞു. ഏഴാം ഓവറിലെ ആദ്യ പന്തില് ഡേവിഡ് വാര്ണറെ ബൗള്ഡാക്കി ഐഡന് മാര്ക്രം ദക്ഷിണാഫ്രിക്കക്ക് ബ്രേക്ക്ത്രൂ നല്കി. 18 പന്തില് നിന്ന് നാല് സിക്സും ഒരു ബൗണ്ടറിയുമടക്കം 29 റണ്സെടുത്താണ് വാര്ണര് മടങ്ങിയത്. വണ് ഡൗണായി എത്തിയ മിച്ചല് മാര്ഷിനെ കഗിസോ റബാദ അധികം വൈകാതെ ഡക്കാക്കി മടക്കി.

മാര്ഷിന് പകരക്കാരനായി എത്തിയ സ്റ്റീവ് സ്മിത്തിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് പോരാട്ടം തുടര്ന്നു. അതിനിടയില് താരം അര്ധസെഞ്ച്വറി പൂര്ത്തിയാക്കി. 15-ാം ഓവറില് ട്രാവിസ് ഹെഡിനെ കേശവ് മഹാരാജ് ക്ലീന് ബൗള്ഡാക്കി. 48 പന്തില് നിന്ന് ഒന്പത് ബൗണ്ടറികളും രണ്ട് സിക്സുമടക്കം 62 റണ്സായിരുന്നു ഹെഡിന്റെ സമ്പാദ്യം. ഓസീസ് സ്കോര് 100 കടത്തിയാണ് ട്രാവിസ് ഹെഡ് പവലിയനിലെത്തിയത്.

പിന്നീട് ക്രീസിലെത്തിയ മാര്നസ് ലബുഷെയ്നും കാര്യമായ സംഭാവന നല്കാനായില്ല. 18 റണ്സെടുത്ത ലബുഷെയ്നെ തബ്രൈസ് ഷംസി വിക്കറ്റിന് മുന്നില് കുരുക്കി. പകരമിറങ്ങിയ ഗ്ലെന് മാക്സ്വെല്ലിനെയും (1) അധികം വൈകാതെ മടക്കി ഷംസി കരുത്തുകാട്ടി. 34-ാം ഓവറില് സ്റ്റീവ് സ്മിത്തിനും മടങ്ങേണ്ടി വന്നു. ജെറാള്ഡ് കോയെറ്റ്സി ക്വിന്റണ് ഡി കോക്കിന്റെ കൈകളിലെത്തിച്ചാണ് സ്റ്റീവ് സ്മിത്തിനെ കൂടാരം കയറ്റിയത്. മാക്സ്വെല്ലിന് പകരമിറങ്ങിയ ജോഷ് ഇംഗ്ലിസ് ക്രീസില് പിടിച്ചുനിന്നെങ്കിലും കോയെറ്റ്സി വീണ്ടും വില്ലനായി.

49 പന്തുകളില് നിന്ന് 28 റണ്സെടുത്ത ഇംഗ്ലിസിനെ 40-ാം ഓവറില് പുറത്താക്കി കോയെറ്റ്സി ഓസീസിനെ പ്രതിരോധത്തിലാക്കി. എന്നാല് സ്റ്റാര്ക്കും കമ്മിന്സും ചേര്ന്ന് കൂടുതല് നഷ്ടങ്ങളില്ലാതെ ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. സ്റ്റാര്ക്ക് 16 റണ്സോടെയും കമ്മിന്സ് 14 റണ്സോടെയും പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്കായി മിച്ചല് സ്റ്റാര്ക്കും നായകന് പാറ്റ് കമ്മിന്സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള് ട്രാവിസ് ഹെഡും ജോഷ് ഹേസല്വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us