കൊല്ക്കത്ത: ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനലില് ഓസ്ട്രേലിയക്കെതിരെ 213 റണ്സ് വിജയലക്ഷ്യമുയര്ത്തി ദക്ഷിണാഫ്രിക്ക. കൊല്ക്കത്തയിലെ ഈഡന് ഗാര്ഡന്സില് ടോസ് നേടിയ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. നിശ്ചിത 50 ഓവര് അവസാനിക്കാന് മൂന്ന് പന്തുകള് ബാക്കി നില്ക്കേ 212 റണ്സിന് ദക്ഷിണാഫ്രിക്ക ഓള്ഔട്ടായി. തുടക്കത്തില് ബാറ്റിങ് തകര്ച്ച നേരിട്ട പ്രോട്ടീസിനെ ഡേവിഡ് മില്ലറിന്റെ ഒറ്റയാള് പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 116 പന്തില് 101 റണ്സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്. ഓസീസിന് വേണ്ടി മിച്ചല് സ്റ്റാര്ക്കും പാറ്റ് കമ്മിന്സും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള് ജോഷ് ഹേസല്വുഡും ട്രാവിസ് ഹെഡും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഓവറിലെ അവസാന പന്തിൽ തന്നെ ക്യാപ്റ്റൻ തെംബ ബാവുമയെ നഷ്ടമായി. താരത്തെ ഡക്ക് ആക്കി മടക്കി മിച്ചൽ സ്റ്റാർക്കാണ് ഓസീസിന് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുത്തത്. സ്കോർ ബോർഡ് എട്ട് റൺസെത്തിയപ്പോൾ സഹ ഓപ്പണർ ക്വിന്റൺ ഡി കോക്കിനും മടങ്ങേണ്ടി വന്നു. 14 പന്തിൽ നിന്ന് വെറും മൂന്ന് റൺസെടുത്ത ഡി കോക്കിനെ ജോഷ് ഹേസൽവുഡ് ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ കൈകളിലെത്തിച്ചു. ഡി കോക്കിന് ശേഷമിറങ്ങിയ ഐഡൻ മാർക്രവും (10) വൺ ഡൗണായി എത്തിയ റാസി വാൻ ഡെർ ഡസ്സനും (6) അതിവേഗം മടങ്ങി. അവരുടെ വിക്കറ്റുകൾ യഥാക്രമം സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവരാണ് വീഴ്ത്തിയത്. ഇതോടെ 24ന് നാല് വിക്കറ്റെന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി.
എന്നാൽ അഞ്ചാം വിക്കറ്റിലൊരുമിച്ച ഹെന്റിച്ച് ക്ലാസൻ- ഡേവിഡ് മില്ലർ സഖ്യം രക്ഷാദൗത്യമേറ്റെടുത്തു. ബൗളർമാർക്ക് ആധിപത്യമുണ്ടായിരുന്ന പിച്ചിൽ പ്രതിരോധിച്ചായിരുന്നു രക്ഷാപ്രവർത്തനം. 14-ാം ഓവറിൽ മഴ വില്ലനായി എത്തിയെങ്കിലും അധികനേരം നീണ്ടുനിന്നില്ല. മഴയ്ക്ക് ശേഷം പ്രതിരോധം തുടർന്ന അഞ്ചാം വിക്കറ്റ് സഖ്യം സ്കോർ 100 കടത്തി. 31-ാം ഓവറിൽ ക്ലാസനെ മടക്കി ട്രാവിസ് ഹെഡാണ് ഈ കൂട്ടുകെട്ട് തകർത്തത്. 48 പന്തിൽ രണ്ട് സിക്സും നാല് ബൗണ്ടറിയുമടക്കം 47 റൺസെടുത്തായിരുന്നു ക്ലാസന്റെ മടക്കം. തൊട്ടടുത്ത പന്തിൽ മാർകോ ജാൻസനെയും (0) പുറത്താക്കി ഹെഡ് ഇരട്ട പ്രഹരമേൽപ്പിച്ചു.
എന്നാൽ തുടരെ വിക്കറ്റുകൾ വീണുകൊണ്ടിരിക്കുമ്പോഴും ഡേവിഡ് മില്ലർ ക്രീസിലുറച്ചുനിന്നു. ജെറാൾഡ് കോയെറ്റ്സീക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി മില്ലർ ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചു. 44-ാം ഓവറിൽ കോയെറ്റ്സിയെ പുറത്താക്കി കമ്മിൻസാണ് കൂട്ടുകെട്ട് പൊളിച്ചത്. 39 പന്തിൽ 19 റൺസായിരുന്നു കോയെറ്റ്സിയുടെ സമ്പാദ്യം.
പിന്നീടെത്തിയ കേശവ് മഹാരാജ് (4) നിരാശപ്പെടുത്തി. 47-ാം ഓവറിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് സിക്സ് അടിച്ച് പറത്താൻ ശ്രമിച്ച കേശവ് മഹാരാജിനെ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്തു മടക്കി. മഹാരാജിന് പിന്നാലെ ക്രീസിലെത്തിയ കഗിസോ റബാദയെ ഒരുവശത്ത് നിർത്തി ഡേവിഡ് മില്ലർ സെഞ്ച്വറി പൂർത്തിയാക്കി. 48-ാം ഓവറിൽ പാറ്റ് കമ്മിൻസിനെ സിക്സർ പറത്തിയാണ് മില്ലർ സെഞ്ച്വറി തികച്ചത്. 115 പന്തുകളിൽ നിന്നായിരുന്നു താരം മൂന്നക്കം കണ്ടത്. തൊട്ടുപിന്നാലെ ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ട്രാവിസ് ഹെഡിന് പിടി നൽകി മടക്കം. സ്കോർ 203ലെത്തിച്ചായിരുന്നു ഒറ്റയാൾ പോരാട്ടം അവസാനിച്ചത്. അവസാന ഓവറുകളിലെ കഗിസോ റബാദയുടെ (10) ഇന്നിങ്സാണ് ദക്ഷിണാഫ്രിക്കയെ 212ൽ എത്തിച്ചത്. റബാദയെ പാറ്റ് കമ്മിൻസ് ഗ്ലെൻ മാക്സ്വെല്ലിന്റെ കൈകളിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് അവസാനിച്ചു.