അഹമ്മദാബാദ്: ഏകദിന ലോകകപ്പില് ആറാം തവണ ചാമ്പ്യന്മാരായി ഓസ്ട്രേലിയ. ഫൈനലില് ഇന്ത്യയെ ആറ് വിക്കറ്റിന് തോല്പ്പിച്ചാണ് ഓസീസ് ലോകകിരീടം തിരിച്ചുപിടിച്ചത്. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും മാര്നസ് ലബുഷെയ്നിന്റെ അര്ദ്ധ സെഞ്ചുറിയും ഫൈനല് വിജയത്തില് നിര്ണായകമായി.
മത്സരത്തില് ടോസ് നേടിയ ഓസീസ് നായകന് പാറ്റ് കമ്മിന്സ് ഫീല്ഡിംഗ് തിരഞ്ഞെടുത്ത് ഞെട്ടിച്ചു. പിന്നാലെ തകര്പ്പന് ബൗളിംഗും ഫീല്ഡിംഗുമായും ഓസ്ട്രേലിയ തകര്പ്പന് പ്രകടനം പുറത്തെടുത്തു. നാല് റണ്സുമായി ശുഭ്മാന് ഗില് പുറത്താകുമ്പോള് വരാനിരിക്കുന്നത് വമ്പന് തകര്ച്ചയാണെന്ന് ആരാധകര് കരുതിയിരുന്നില്ല. രോഹിത് ശര്മ്മയുടെ വമ്പന് അടികള് അണയാന് പോകുന്നതിന് മുമ്പുള്ള ആളിക്കത്തല് മാത്രമായിരുന്നു. 47 റണ്സുമായി രോഹിത് മടങ്ങിയതിന് പിന്നാലെ കണ്ടത് ഡഗ് ഔട്ടിലേക്ക് ഘോഷയാത്രയാണ്. ശ്രേയസ് നാല് റണ്സുമായി വന്നപോലെ മടങ്ങി.
നാലാം വിക്കറ്റിലെ പോരാട്ടം ഇല്ലായിരുന്നുവെങ്കില് സ്കോര്ബോര്ഡ് ഇതിലും ചുരുങ്ങുമായിരുന്നു. കോഹ്ലിയും കെ എല് രാഹുലും നാലാം വിക്കറ്റില് 67 റണ്സെടുത്തു. 54 റണ്സുമായി കോഹ്ലി മടങ്ങിയത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി. പിന്നാലെ 66 റണ്സെടുത്ത് കെ എല് രാഹുല് വിക്കറ്റ് നഷ്ടമാക്കി. വാലറ്റക്കാരെ കൂട്ടുപിടിച്ച് സൂര്യകുമാര് യാദവ് സ്കോര് ഉയര്ത്താന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒമ്പതാമനായി സൂര്യകുമാര് വീണതോടെ വലിയ സ്കോറിലെത്താമെന്ന ഇന്ത്യന് പ്രതീക്ഷകള് അവസാനിച്ചു.
മറുപടി പറഞ്ഞ ഓസ്ട്രേലിയ ആദ്യമൊന്ന് ഞെട്ടി. 47 റണ്സെടുക്കിന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റുകള് നഷ്ടമാക്കി. എന്നാല് ട്രാവിസ് ഹെഡും മാര്നസ് ലബുഷെയ്നും അടിയുറച്ച് നിന്ന് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ട ഇന്ത്യന് ബൗളിംഗിന് പിന്നീട് തിരിച്ചുവരാനായില്ല. 120 പന്തിൽ നിന്നാണ് ട്രാവിസ് ഹെഡിന്റെ 137. ലബുഷെയ്ൻ 110 പന്തിൽ 58 റൺസെടുത്തു പുറത്താകാതെ നിന്നു. 43 ഓവറിലാണ് ഓസ്ട്രേലിയന് ജയം.