അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില് ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് കലാശപോരാട്ടം. മൂന്നാം കിരീടം തേടി ഫൈനലിനിറങ്ങുന്ന ഇന്ത്യയാണ് ടൂര്ണ്ണമെന്റിലെ ഫേവറൈറ്റുകള്. ലോകകപ്പിലെ തുടര്ച്ചയായ പത്ത് വിജയങ്ങള്ക്ക് ശേഷമാണ് ഇന്ത്യ ഫൈനല് പോരാട്ടത്തിനിറങ്ങുന്നത്.
സെമിഫൈനലില് ന്യൂസിലാന്ഡിനെ 70 റണ്സിന് തോല്പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. സൗത്ത് ആഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്പ്പിച്ചായിരുന്നു ഓസീസിന്റെ ഫൈനല് പ്രവേശനം. ബാറ്റര്മാരും ബൗളര്മാരും ഒരുപോലെ ഫോമിലാണെന്നതാണ് ഇന്ത്യയുടെ കരുത്ത്. വിരാട് കോഹ്ലി നെടുംതൂണാകുന്ന ഇന്ത്യന് ബാറ്റിങ്ങ് നിരയില് ക്യാപ്റ്റന് രോഹിത് ശര്മ്മയും ശുഭ്മാന് ഗില്ലും ശ്രേയസ് അയ്യരും കെ എല് രാഹുലുമെല്ലാം തകര്പ്പന് ഫോമിലാണ്. പേസും ബൗണ്സും സ്വിങ്ങും കൊണ്ട് ടൂര്ണ്ണമെന്റില് ഉടനീളം എതിരാളികളെ നിക്ഷ്പ്രഭരാക്കുന്ന പ്രകടനമാണ് ഇന്ത്യന് പേസര്മാര് ഇതുവരെ പുറത്തെടുത്തത്. ഷമിയും മുഹമ്മദ് സിറാജും ബുംറയും മത്സരിച്ച് പന്തെറിയുമ്പോള് എതിരാളികളെ വട്ടംകറക്കാന് കേമന്മാരാണ് രവീന്ദജ്ര ജഡേജയും കുല്ദീപ് യാദവും.
ഗ്രൂപ്പ് മത്സരത്തില് ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങള് പരാജയപ്പെട്ട ഓസീസ് പിന്നീടുള്ള മത്സരങ്ങളെല്ലാം തുടര്ച്ചയായി വിജയിച്ചാണ് ഫൈനലിലെത്തിയത്. ഡേവിഡ് വാര്ണറും മിച്ചല് മാര്ഷും ട്രാവിഡ് ഹെഡും ഗ്ലെന് മാക്സ് വെല്ലും അണിനിരക്കുന്ന ഓസീസ് ബാറ്റിങ്ങ് നിരയാവും ഇന്ത്യയ്ക്ക് വെല്ലുവിളിയാവുക. ആഡം സ്വാംമ്പയും ജോസ് ഹെയ്സല്വുഡും മിച്ചല് സ്റ്റാര്ക്കും ഓസീസിനായി പന്തുകൊണ്ട് തിളങ്ങിയാല് പുകള്പെറ്റ ഇന്ത്യന് ബാറ്റിങ്ങ് നിര പ്രതിരോധത്തിലാവും. ആറാം കിരീട നേട്ടത്തിനിറങ്ങുന്ന ഓസീസിന് വേണ്ടിയാണോ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് വേണ്ടിയാണോ അഹമ്മദാബാദിലെ അവസാന കൈയ്യടി മുഴങ്ങുന്നതെന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്.