അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ കലാശക്കൊട്ടിന് ഇനി മണിക്കൂറുകൾ ശേഷിക്കെ കിരീടത്തിൽ ആര് മുത്തമിടുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ലോകം. എട്ടാം തവണയാണ് പ്രതാപികളായ ഓസീസ് ഫൈനൽ കളിക്കുന്നത്, മറുവശത്ത് ഇന്ത്യയുടെ നാലാം ഫൈനൽ. കണക്കുകളെല്ലാം രോഹിത്ത് ശർമ്മയ്ക്കും സംഘത്തിനുമൊപ്പമാണ്. ബൗളിംഗ്, ബാറ്റിംഗ് ഡിപാർട്ട്മെന്റുകളുടെ മിന്നും ഫോം തന്നെയാവും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകം. നേരത്തെ ഗ്രൂപ്പ് സ്റ്റേജിൽ നേർക്കുനേർ എത്തിയപ്പോൾ പാറ്റ് കമ്മിൻസിന്റെ കംഗാരുക്കൾ പരാജയം നുണഞ്ഞിരുന്നു.
അഹമ്മദാബാദിലെ പിച്ച് ആരെ പിന്തുണയ്ക്കുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. താരതമ്യേനെ 250 റൺസിന് മുകളിൽ ഇരു ടീമുകൾക്കും സ്കോർ ചെയ്യാനാവുമെന്നാണ് ക്യുറേറ്ററുടെ നിഗമനം. എന്നാൽ ചേസ് ചെയ്യുന്ന ടീമിന് 300 റൺസിന് മുകളിലേക്ക് കടക്കുക ശ്രമകരമായിരിക്കും. ടോസ് നേടുന്നവർ ആദ്യം ബാറ്റ് ചെയ്യാനാവും തീരുമാനിക്കുക. സ്വിം ഗിന് പ്രതികൂല സാഹചര്യമാണ് ആദ്യ ഇന്നിംഗ്സിലുണ്ടാവുക. എന്നാൽ രണ്ടാം ഇന്നിംഗ്സിന്റെ ആരംഭം മുതൽ പിച്ചിന്റെ സ്വഭാവം പേസ് ബൗളിംഗിന് അനുകൂലമായേക്കും.
ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300 റൺസിന് മുകളിൽ സ്കോർ ചെയ്താൽ പ്രതിരോധിക്കാൻ എളുപ്പമാവും. രാത്രിയോടെ ചെറിയ മഞ്ഞ് വീഴ്ച്ചയുണ്ടായാൽ അത് സ്പിന്നർമാർക്ക് പ്രതികൂല സാഹചര്യമൊരുക്കാനും സാധ്യതയുണ്ട്. ടീമിൽ മാറ്റങ്ങളൊന്നും കൊണ്ടുവരാൻ ഇരു ടീമുകളും തയ്യാറായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ആറ് ബൗളർമാരെ രോഹിത്ത് പരീക്ഷിച്ചേക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാൽ അഞ്ച് ബൗളർമാർ ഫോമിൽ സംശയങ്ങളില്ലാത്ത സാഹചര്യത്തിൽ പരീക്ഷണത്തിന് മുതിരേണ്ടതില്ലെന്നാണ് ടീം കോച്ച് രാഹുൽ ദ്രാവിഡിന്റെ നിലപാട്.
അതേസമയം സീനിയർ സ്പിന്നർ രവിചന്ദ്ര അശ്വിനെ കളത്തിലിറക്കാനുള്ള സാധ്യതകൾ തള്ളിക്കളയുകയും സാധ്യമല്ല. ബാറ്റിംഗിലും സംഭാവന നൽകാൻ സാധിക്കുന്ന അശ്വിനെ പരീക്ഷിക്കാനുള്ള സാധ്യതകൾ പൂർണമായും തള്ളേണ്ട എന്ന് സൂചനയാണ് രോഹിത് വാർത്താ സമ്മേളനത്തിൽ നൽകിയിരിക്കുന്നത്. അശ്വിൻ എത്തിയാൽ സൂര്യകുമാർ യാദവ് ടീമിന് പുറത്തിരിക്കേണ്ടി വരും.
സാധ്യത ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കൊഹ് ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്/ ആർ അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്.