ഇന്ത്യയെ തകര്ത്തെറിഞ്ഞ 'മാക്സ്വെല് മാജിക്'; മൂന്നാം ടി20 ഓസീസിന്

ഗ്ലെന് മാക്സ്വെല്ലിന്റെ സെഞ്ച്വറിക്കരുത്തിലാണ് ഓസീസിന്റെ വിജയം

dot image

ഗുവാഹത്തി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 മത്സരത്തില് ഇന്ത്യക്ക് പരാജയം. അഞ്ച് വിക്കറ്റുകള്ക്കാണ് ഓസീസ് ഇന്ത്യയെ തകര്ത്തെറിഞ്ഞത്. ഇന്ത്യ ഉയര്ത്തിയ 223 റണ്സ് വിജയലക്ഷ്യം നിശ്ചിത ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് ഓസീസ് മറികടന്നു. സെഞ്ച്വറി നേടിയ ഗ്ലെന് മാക്സ്വെല് അവസാന പന്തില് ബൗണ്ടറി നേടിയാണ് ഓസീസിന് നിര്ണായക വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില് ഓസീസ് ആദ്യ വിജയം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ട്രാവിസ് ഹെഡും ആരോണ് ഹാര്ഡിയും ചേര്ന്ന ഓപ്പണിങ് സഖ്യം സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില് 47 റണ്സ് കൂട്ടിച്ചേര്ക്കാന് ഇരുവര്ക്കും സാധിച്ചു. അഞ്ചാം ഓവറില് അരോണ് ഹാര്ഡിയെ പുറത്താക്കി അര്ഷ്ദീപ് സിങ്ങാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നല്കിയത്. 12 പന്തില് മൂന്ന് ബൗണ്ടറിയടക്കം 16 റണ്സെടുത്താണ് ഹാര്ഡിയുടെ മടക്കം. തൊട്ടടുത്ത ഓവറില് തന്നെ ട്രാവിസ് ഹെഡിനെ ആവേശ് ഖാന് പുറത്താക്കി. 18 പന്തില് എട്ട് ബൗണ്ടറിയടക്കം 35 റണ്സെടുത്ത ഹെഡ് രവി ബിഷ്ണോയിക്ക് ക്യാച്ച് നല്കിയാണ് കൂടാരം കയറിയത്.

വണ് ഡൗണായി എത്തിയ ജോഷ് ഇംഗ്ലിസും അതിവേഗം മടങ്ങി. പത്ത് റണ്സെടുത്ത ഇംഗ്ലിസിനെ ഏഴാം ഓവറില് രവി ബിഷ്ണോയി ബൗള്ഡാക്കുകയായിരുന്നു. ട്രാവിസ് ഹെഡിന് പകരമിറങ്ങിയ ഗ്ലെന് മാക്സ്വെല് മാര്കസ് സ്റ്റോയിനിസിനൊപ്പം തകര്ത്തടിച്ചതോടെ ഓസീസ് സ്കോര് ചലിച്ചു. സ്റ്റോയിനിസിനെയും (17) പിന്നീടെത്തിയ ടി ഡേവിഡിനെയും (0) പുറത്താക്കി സൂര്യകുമാറും കൂട്ടരും കങ്കാരുപ്പടയെ പ്രതിരോധത്തിലാക്കിയപ്പോഴും മാക്സ്വെല് ക്രീസിലുറച്ചുനിന്നു.

ഗെയ്ക്വാദിന് കന്നി സെഞ്ച്വറി; ഓസീസിനെതിരെ 223 റണ്സ് വിജയലക്ഷ്യമുയര്ത്തി ഇന്ത്യ

അവസാന രണ്ട് ഓവറില് 43 റണ്സായിരുന്നു ഓസീസിന് നേടേണ്ടിയിരുന്നത്. 19-ാം ഓവറില് മാക്സ്വെല്ലും ക്യാപ്റ്റന് മാത്യു വെയ്ഡും 22 റണ്സ് നേടിയതോടെ ലക്ഷ്യം അവസാന ഓവറില് 21 റണ്സായി മാറി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില് മാത്യു വെയ്ഡ് ബൗണ്ടറി നേടിയപ്പോള് മൂന്നാം പന്തില് സിക്സര് പറത്തി മാക്സ്വെല്ലും ഇന്ത്യയ്ക്ക് കാര്യങ്ങള് പ്രയാസമാക്കി. ഓവറിലെ നാലാം പന്തിലും ബൗണ്ടറി പിറന്നതോടെ ലക്ഷ്യം രണ്ട് പന്തില് രണ്ട് റണ്സായി. ഓവറിലെ അഞ്ചാം പന്തില് ബൗണ്ടറി നേടി മാക്സ്വെല് സെഞ്ച്വറി പൂര്ത്തിയാക്കി. അവസാന പന്തിലും മാക്സ്വെല് ബൗണ്ടറി നേടിയതോടെ ഓസീസ് വിജയലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി രവി ബിഷ്ണോയി രണ്ട് വിക്കറ്റെടുത്തു.

ഗുവാഹത്തിയില് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് 222 റണ്സാണ് നേടിയത്. ഓപ്പണര് റുതുരാജ് ഗെയ്ക്വാദിന്റെ കന്നി സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്കോര് സ്വന്തമാക്കിയത്. 57 പന്തുകളില് നിന്ന് 13 ബൗണ്ടറിയും ഏഴ് സിക്സുമടക്കം 123 റണ്സെടുത്താണ് താരം പുറത്താകാതെ നിന്നത്.

dot image
To advertise here,contact us
dot image