ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. ത്രിപുരയ്ക്കെതിരെ 119 റൺസിന്റെ തകർപ്പൻ വിജയമാണ് കേരളം നേടിയത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും നിർണായ പ്രകടനം പുറത്തെടുത്ത അഖിൽ സക്കറിയയാണ് കേരളത്തിന് വിജയം നേടിത്തന്നത്.
മത്സരത്തിൽ ടോസ് നേടിയ ത്രിപുര ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് അസ്ഹറുദീനും രോഹൻ കുന്നുന്മേലും കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 95 റൺസ് പിറന്നു. അസ്ഹറുദീൻ 58ഉം രോഹൻ കുന്നുന്മേൽ 44ഉം റൺസെടുത്ത് പുറത്തായി. പിന്നാലെ കേരളം അഞ്ചിന് 131 റൺസെന്ന നിലയിലേക്ക് വീണു.
ആറാം വിക്കറ്റിൽ അഖിൽ സക്കറിയയും ശ്രേയസ് ഗോപാലും കേരളത്തെ മുന്നോട്ട് നയിച്ചു. 41 റൺസെടുത്ത ശ്രേയസ് ഗോപാൽ പുറത്തായതിന് ശേഷം കേരളത്തിന്റെ തകർച്ച വേഗത്തിലായി. അഖിൽ സക്കറിയ 22 റൺസെടുത്ത് മടങ്ങി. 23 റൺസെടുത്ത് ബേസിൽ തമ്പിയുടെ അവസാന നിമിഷത്തെ പോരാട്ടം കേരളത്തിന്റെ സ്കോർ 47.1 ഓവറിൽ 231 റൺസിലെത്തിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുരയ്ക്ക് കൂട്ടത്തകർച്ചയാണ് നേരിടേണ്ടി വന്നത്. രജത്ത് ഡേയുടെ 46 റൺസ് മാത്രമായിരുന്നു ത്രിപുരയുടെ മറുപടി. കേരളത്തിനായി അഖിൽ സക്കറിയും അഖിൻ സത്താറും മൂന്ന് വിക്കറ്റ് വീതമെടുത്തു. വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റും വീഴ്ത്തി.