സിഡ്നി: ഓസ്ട്രേലിയയുടെ ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ഏറ്റവും കൂടുതല് വിമര്ശനങ്ങള് ഏറ്റുവാങ്ങിയ താരമാണ് മിച്ചല് മാര്ഷ്. ലോകകപ്പ് കിരീടത്തിന് മുകളില് ഇരുകാലുകളും കയറ്റിവെച്ച് ഇരിക്കുന്ന മാര്ഷിന്റെ ചിത്രം സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു. ഏകദിന ലോകകപ്പില് ആതിഥേയരായ ഇന്ത്യയെ പരാജയപ്പെടുത്തി ലോക ജേതാക്കളായതിന് തൊട്ടുപിന്നാലെ പങ്കുവെക്കപ്പെട്ട മാര്ഷിന്റെ ഫോട്ടോയാണ് വിവാദങ്ങള്ക്ക് വഴിവെച്ചത്.
ഓസീസിന്റെ ടീമംഗങ്ങള് ഡ്രസിങ് റൂമില് പരസ്പരം സംസാരിക്കുന്നതിനിടെ ഓസ്ട്രേലിയന് ക്യാപ്റ്റന് പാറ്റ് കമ്മിന്സ് പങ്കുവെച്ച ചിത്രമായിരുന്നു ഇത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളില് വ്യാപകമായി പങ്കുവെക്കപ്പെടുകയും താരത്തിനെതിരെ ആരാധകരും മുഹമ്മദ് ഷമി അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. മാര്ഷിന്റെ ഈ പ്രവൃത്തി ലോകകപ്പിനോടും ക്രിക്കറ്റിനോടുമുള്ള അനാദരവാണ് സൂചിപ്പിക്കുന്നതെന്നായിരുന്നു ഉയര്ന്നിരുന്ന വിമര്ശനങ്ങള്.
ചിത്രം തുടങ്ങിവെച്ച വിവാദങ്ങളോട് പ്രതികരിച്ച് ആദ്യമായി രംഗത്തെത്തിയിരിക്കുകയാണ് മിച്ചല് മാര്ഷ്. സംഭവം നടന്ന് ഏതാണ്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്. വിമര്ശിക്കാന് മാത്രം ആ ചിത്രത്തില് ഒന്നുമില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഓസ്ട്രേലിയയിലെ ഒരു റേഡിയോ നെറ്റ്വര്ക്കിന് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു താരം.
'ആ ചിത്രത്തില് അനാദരവായി ഒന്നും തന്നെയില്ല. ആ ചിത്രം കണ്ട് എനിക്കൊന്നും തോന്നിയിരുന്നില്ല. ഇതേക്കുറിച്ച് സോഷ്യല് മീഡിയയില് എല്ലാവരും ചര്ച്ച ചെയ്യുന്നുണ്ടെന്ന് കേട്ടെങ്കിലും ഞാനൊന്നും സോഷ്യല് മീഡിയയില് കണ്ടിട്ടില്ല. അതില് പ്രത്യേകിച്ചൊന്നും തന്നെയില്ല', മാര്ഷ് വ്യക്തമാക്കി. ഇത്തരത്തില് വീണ്ടും പെരുമാറുമോ എന്ന ചോദ്യത്തിന് 'അതേ തീര്ച്ചയായും' എന്നായിരുന്നു മാര്ഷിന്റെ മറുപടി.