റായ്പൂര്: ഓസ്ട്രേലിയക്കെതിരായ നാലാം ടി20യും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. വെള്ളിയാഴ്ച റായ്പൂരില് നടന്ന മത്സരത്തില് 20 റണ്സിന്റെ തകര്പ്പന് വിജയമാണ് സൂര്യകുമാര് യാദവും സംഘവും സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 175 റണ്സ് വിജയലക്ഷ്യത്തിന് ഓസീസിന്റെ മറുപടി ഏഴിന് 154 മാത്രമായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില് ഇന്ത്യ 3-1ന് മുന്നിലെത്തി.
നീലപ്പട വീണ്ടും വിജയവഴിയിൽ; ഓസീസിനെതിരെ ട്വന്റി20 പരമ്പര ഇന്ത്യയ്ക്ക്നാലാം ടി20യില് മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ പരമ്പര വിജയത്തിന് വഴിയൊരുക്കിയ താരമാണ് അക്സര് പട്ടേല്. ഓസ്ട്രേലിയയ്ക്ക് നഷ്ടപ്പെട്ട ഏഴു വിക്കറ്റുകളിൽ മൂന്നും വീഴ്ത്തിയത് സ്പിന്നര് അക്സര് പട്ടേലായിരുന്നു. തന്റെ നാല് ഓവറില് വെറും 16 റണ്സ് വഴങ്ങിയായിരുന്നു അക്സറിന്റെ വിക്കറ്റ് വേട്ട. ഇപ്പോള് നാലാം ടി20യില് ഇന്ത്യയുടെ വിജയത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മത്സരത്തിലെ താരം കൂടിയായ അക്സര്.
For his economical match-winning three-wicket haul, Axar Patel is adjudged the Player of the Match 👏👏
— BCCI (@BCCI) December 1, 2023
Scorecard ▶️ https://t.co/iGmZmBsSDt#TeamIndia | #INDvAUS | @IDFCFIRSTBank pic.twitter.com/jOJ2uuIByu
ഡ്യൂ ഫാക്ടര് ഇല്ലാതാക്കാന് താന് സ്റ്റംപ് ടു സ്റ്റംപ് ബൗള് ചെയ്യുകയാണെന്നാണ് അക്സര് മത്സരശേഷം പറഞ്ഞത്. 'ഓസീസ് ബാറ്റര്മാര് കടന്നാക്രമിച്ചാലും സ്റ്റംപ് ടു സ്റ്റംപ് ബൗൾ ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഡ്യൂ ഫാക്ടര് ഇല്ലാതാക്കാന് ഈ തന്ത്രം വിജയിച്ചു', അക്സര് പറഞ്ഞു. പരിക്കേറ്റ് വീട്ടില് വിശ്രമത്തിലിരുന്ന സമയത്ത് പരീക്ഷിച്ച പല കാര്യങ്ങളും ഇന്ന് ഉപകാരപ്പെട്ടുവെന്നും താരം പറഞ്ഞു. ഇടവേള സമയത്ത് സ്വയം മെച്ചപ്പെടുവാനും ബൗളിങ്ങില് പുതിയ ചില മാറ്റങ്ങള് കൊണ്ടുവരാനും ശ്രമിച്ചിരുന്നുവെന്നും അന്താരാഷ്ട്ര ക്രിക്കറ്റില് മികച്ചുനില്ക്കാന് ഇത് ഏറെ ആവശ്യമാണെന്നും താരം കൂട്ടിച്ചേര്ത്തു.