രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ തകർപ്പൻ ജയത്തോടെ കേരളം ക്വാർട്ടർ ഫൈനലിൽ. പ്രിലിമിനറി ക്വാർട്ടറിൽ മഹാരാഷ്ട്രെയെ 153 റൺസിന് തകർത്താണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 383 റൺസെന്ന വമ്പൻ സ്കോർ പടുത്തുയർത്തി. ലിസ്റ്റ് എ ക്രിക്കറ്റിലെ കേരളത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.
കൃഷ്ണ പ്രസാദിന്റെയും രോഹൻ കുന്നുന്മേലിന്റെയും തകർപ്പൻ സെഞ്ചുറികൾ കേരള ഇന്നിംഗ്സിന് അടിത്തറയിട്ടു. കൃഷ്ണ പ്രസാദ് 144ഉം രോഹൻ 120ഉം റൺസെടുത്തു. ആദ്യ വിക്കറ്റിൽ ഇരുവരും 218 റൺസ് കൂട്ടിച്ചേർത്തു. സഞ്ജു സാംസൺ 29, വിഷ്ണു വിനോദ് 23 പന്തിൽ 43 എന്നിവരും നിർണായക സംഭാവനകൾ നൽകി. അബ്ദുൾ ബാസിത് 18 പന്തിൽ പുറത്താകാതെ 35 റൺസെടുത്തു.
'ഗ്രേറ്റ്' ഫിലിപ്സ്; ബംഗ്ലാദേശിനെതിരെ സമനില പിടിച്ച് ന്യൂസിലൻഡ്മറുപടി ബാറ്റിംഗിൽ മഹാരാഷ്ട്ര കേരളത്തെ ആദ്യമൊന്ന് വിറപ്പിച്ചു. ഓം ദത്താത്രേയ ഭോസാലെ-കൗശൽ തമ്പി എന്നിവരുടെ സഖ്യം ആദ്യം വിക്കറ്റിൽ 139 റൺസ് അടിച്ചുകൂട്ടി. 50 റൺസെടുത്ത കൗശൽ തമ്പി പുറത്തായതും ബാറ്റിംഗ് തകർച്ച തുടങ്ങി. തൊട്ടുപിന്നാലെ 78 റൺസുമായി ഭോസാലെ മടങ്ങി. ക്യാപ്റ്റൻ കേദാർ ജാദവ് മുതൽ പിന്നീട് വന്നവർക്കാർക്കും യാതൊന്നും സംഭാവന ചെയ്യാൻ കഴിഞ്ഞില്ല.
37.4 ഓവറിൽ 230 റൺസിൽ മഹാരാഷ്ട്ര കീഴടങ്ങി. ലിസ്റ്റ് എ ക്രിക്കറ്റിലെ കേരളത്തിന്റെ ഏറ്റവും വലിയ ജയം. നാല് വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് മഹാരാഷ്ട്രയെ തകർത്തത്. വൈശാഖ് ചന്ദ്രൻ മൂന്ന് വിക്കറ്റും വീഴ്ത്തി.