മുംബൈ: ഇന്ത്യയ്ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്. ഇന്ത്യൻ വനിതകൾ ഉയർത്തിയ 428 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടി പറഞ്ഞ ഇംഗ്ലണ്ട് വെറും 136 റൺസിൽ എല്ലാവരും പുറത്തായി. 5.3 ഓവറിൽ 4 മെയ്ഡനടക്കം വെറും ഏഴ് റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയാണ് ഇംഗ്ലണ്ടിനെ തകർത്തത്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ ഫോളോ ഓൺ ചെയ്യിക്കാതെ ഇന്ത്യ ബാറ്റിംഗിനിറങ്ങി.
ആദ്യ ദിനത്തെ സ്കോറായ ഏഴിന് 410നോട് 18 റൺസ് മാത്രമേ ഇന്ത്യയ്ക്ക് ഇന്ന് കൂട്ടിച്ചേർക്കാൻ കഴിഞ്ഞുള്ളു. ആദ്യ ദിനം 60 റൺസുണ്ടായിരുന്ന ദീപ്തി ശർമ്മ ഇന്ന് 67 റൺസിൽ നിൽക്കുമ്പോൾ പുറത്തായി. പിന്നാലെ ഇംഗ്ലീഷ് ബാറ്റർമാരും ദീപ്തിയുടെ പന്തുകൾക്ക് മുന്നിൽ വട്ടം കറങ്ങി. ഇംഗ്ലണ്ട് നിരയിൽ നാറ്റ് സ്കീവറിന്റെ 59 റൺസ് മാത്രമാണ് എടുത്ത് പറയാനുള്ളത്.
മികച്ച സ്കോർ ഉയർത്തി ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടംഇന്നലെ ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന ശുഭ സതീഷ്, ജമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ എന്നിവരും അർദ്ധ സെഞ്ചുറികൾ നേടിയിരുന്നു. ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗർ 49 റൺസും സംഭാവന ചെയ്തു. 69 റൺസെടുത്ത ശുഭ സതീഷാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജമീമ 68ഉം യാസ്തിക ഭാട്ടിയ 66ഉം റൺസെടുത്തു.