ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗ് 17-ാം പതിപ്പിന്റെ താരലേലം പുരോഗമിക്കുമ്പോൾ വിലയേറിയ താരമായി മിച്ചൽ സ്റ്റാർക്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കാണ് സ്റ്റാർക് വിറ്റുപോയത്. 24.75 കോടി രൂപയ്ക്ക് ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസാണ് ലേലത്തിലെ രണ്ടാമത്തെ വിലയേറിയ താരം. 20.50 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദാണ് കമ്മിൻസിനെ സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ മറ്റൊരു ലോകകപ്പ് താരം ട്രാവിസ് ഹെഡിനെയും സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 6.80 കോടി രൂപ മുടക്കിയാണ് ഹെഡിനെ ഹൈദരാബാദിന്റെ ഓറഞ്ച് ആർമിയിലെത്തിച്ചത്.
ന്യുസീലാൻഡ് ലോകകപ്പ് ഹീറോകളായ ഡാരൽ മിച്ചലിനെ 14 കോടി രൂപ മുടക്കിയും രചിൻ രവീന്ദ്രയെ 1.80 കോടി രൂപ നൽകിയും ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് താരം ജെറാൾഡ് കോട്സീ അഞ്ച് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിലെത്തി. ഷർദ്ദുൾ താക്കൂറിനെ നാല് കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് തട്ടകത്തിലെത്തിച്ചു. നാല് കോടി രൂപ വിലകൊടുത്ത് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
കമ്മിൻസിന് വിലയേറി; സൂപ്പർ താരമായി ഡാരൽ മിച്ചൽവെസ്റ്റ് ഇൻഡീസ് താരം റോവ്മാൻ പവലിനെ 7.40 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മറ്റൊരു വെസ്റ്റ് ഇൻഡീസ് താരം അൽസാരി ജോസഫിനെ 11.50 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കി. അഫ്ഗാൻ താരം അസമത്തുള്ള ഒമറൈസി 50 ലക്ഷം രൂപയ്ക്ക് ഗുജറാത്തിലെത്തി. വസീന്ദു ഹസരങ്കയക്ക് 1.50 കോടി രൂപയാണ് സൺറൈസേഴ്സ് ഹൈദരാബാദ് മുടക്കിയത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ വാങ്ങാൻ ആളുണ്ടായില്ല. മനീഷ് പാണ്ഡെയും റില്ലി റോസോയും കരുൺ നായരും ആദ്യ ഘട്ട ലേലത്തിൽ വിറ്റുപോയില്ല. ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലീസ്, കുശൽ മെൻഡിൻസ്, ലോക്കി ഫെർഗൂസൺ എന്നിവർക്കായും ആരും രംഗത്തെത്തിയില്ല.