കാഠ്മണ്ഡു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ നായകൻ സന്ദീപ് ലാമിച്ചനെയ്ക്ക് എട്ട് വർഷം തടവ്. കാഠ്മണ്ഡു ജില്ലാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കൂടാതെ രണ്ട് ലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് സന്ദീപിന്റെ അഭിഭാഷകൻ അറിയിച്ചു.
2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽവെച്ച് 23കാരനായ സന്ദീപ് പീഡിപ്പിച്ചെന്ന് പെൺകുട്ടി പരാതി നൽകി. താരം അറസ്റ്റിലായെങ്കിലും ജനുവരിയിൽ ജാമ്യം ലഭിച്ചു. 2023ൽ സെപ്റ്റംബറിൽ ശ്രീലങ്കയിലും പാകിസ്താനിലുമായി നടന്ന ഏഷ്യ കപ്പിൽ നേപ്പാൾ ടീമിൽ സന്ദീപ് കളിച്ചിരുന്നു. ഡിസംബർ 29ന് സന്ദീപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
അഫ്ഗാൻ പരമ്പര; ആദ്യ മത്സരത്തിൽ വിരാട് കോഹ്ലി കളിക്കില്ലകേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ താരത്തിന്റെ ക്രിക്കറ്റ് കരിയറിനും അവസാനമാകും. 2018ലാണ് സന്ദീപ് നേപ്പാളിനായി അരങ്ങേറ്റം കുറിക്കുന്നത്. നേപ്പാളിനായി വേഗത്തിൽ നൂറു വിക്കറ്റെന്ന നേട്ടം സന്ദീപ് സ്വന്തമാക്കിയിട്ടുണ്ട്. 42 മത്സരങ്ങളിൽ നിന്നാണ് താരത്തിന്റെ നേട്ടം. ഉടൻ തന്നെ താരത്തിന് നേപ്പാൾ ക്രിക്കറ്റിന്റെ വിലക്ക് വന്നേക്കും.