ന്യൂഡല്ഹി: വനിതാ പ്രീമിയര് ലീഗില് ഡല്ഹി ക്യാപിറ്റല്സിനെതിരെ അവിശ്വസനീയ വിജയം സ്വന്തമാക്കി യുപി വാരിയേഴ്സ്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില് കേവലം ഒരു റണ്ണിനാണ് വാരിയേഴ്സ് ഒന്നാം സ്ഥാനക്കാരായ ക്യാപിറ്റല്സിനെ വീഴ്ത്തിയത്. വാരിയേഴ്സ് ഉയര്ത്തിയ 139 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്നിറങ്ങിയ ക്യാപിറ്റല്സ് 19.5 ഓവറില് 137 റണ്സിന് ഓള്ഔട്ടായി.
ദീപ്തി ശര്മ്മയുടെ ഓള്റൗണ്ട് മികവിലാണ് വാരിയേഴ്സ് മിന്നും വിജയം സ്വന്തമാക്കിയത്. 59 റണ്സെടുത്ത് ബാറ്റിങ്ങില് തിളങ്ങിയ ദീപ്തി ക്യാപിറ്റല്സിന്റെ നാല് വിക്കറ്റ് വീഴ്ത്തി നിര്ണായക പ്രകടനം കാഴ്ചവെച്ചു. ഒപ്പം സൈമ താക്കൂര്, ഗ്രേസ് ഹാരിസ് എന്നിവര് രണ്ട് വീതവും സോഫി എക്ലെസ്റ്റോണ് ഒരു വിക്കറ്റും വീഴ്ത്തി.
Ilaaka aapka, dhamaka humara 🔥#DCvUPW #TATAWPL #SheBelievesWeBelieve pic.twitter.com/W2TZBgfl3k
— UP Warriorz (@UPWarriorz) March 8, 2024
മറുപടി ബാറ്റിംഗില് ക്യാപ്റ്റന് മെഗ് ലാനിങ് 46 പന്തില് 60 റണ്സെടുത്ത് പൊരുതിയെങ്കിലും വിജയത്തിലെത്താനായില്ല. ഷഫാലി വര്മ്മ (12 പന്തില് 15), അലീസ് ക്യാപ്സി (23 പന്തില് 15), ജെമീമ റോഡ്രിഗസ് (15 പന്തില് 17), ജെസ് ജൊനാസന് (5 പന്തില് 11) എന്നിവര് മാത്രമാണ് പിന്നീട് ഡൽഹി നിരയിൽ രണ്ടക്കം കടന്നത്. അവസാന ഏഴ് വിക്കറ്റുകള് 17 റണ്സെടുക്കുന്നതിനിടെയാണ് ഡല്ഹിക്ക് നഷ്ടമായത്.
വിജയത്തിലേക്ക് അവസാന ഓവറില് മൂന്ന് വിക്കറ്റ് കൈയിലിരിക്കെ 10 റണ്സായിരുന്നു ഡല്ഹിക്ക് വേണ്ടിയിരുന്നത്. ഗ്രേസ് ഹാരിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ രാധാ യാദവ് സിക്സ് പറത്തിയതോടെ ഡല്ഹി വിജയിക്കുമെന്ന് തോന്നിപ്പിച്ചു. അഞ്ച് പന്തില് നാലു റണ്സായിരുന്നു പിന്നീട് ഡൽഹിക്ക് വേണ്ടിയിരുന്നത്. ഗ്രേസ് ഹാരിസിന്റെ അടുത്ത പന്തില് രണ്ട് റണ്സ് കൂടി നേടിയതോടെ വിജയത്തിലേക്കുള്ള ദൂരം നാലു പന്തില് രണ്ട് റൺസായി കുറഞ്ഞു. എന്നാല് പിന്നീടായിരുന്നു ട്വിസ്റ്റ്.
ദീപ്തി ശര്മ്മ മാത്രം തിളങ്ങി; വാരിയേഴ്സിനെതിരെ ക്യാപിറ്റല്സിന് 139 റണ്സ് വിജയലക്ഷ്യംഅവസാന ഓവറിലെ മൂന്നാം രാധാ യാദവിനെ (9) ഗ്രേസ് ഹാരിസ് ക്ലീന് ബൗള്ഡാക്കി. അപ്പോഴും ഡല്ഹിക്ക് ജയിക്കാന് മൂന്ന് പന്തില് രണ്ട് റണ്സ് മതിയായിരുന്നു. എന്നാല് നാലാം പന്തില് 11 റണ്സെടുത്ത ജെസ് ജൊനാസെന് റണ്ണൗട്ടായി. ഡല്ഹിക്ക് ജയിക്കാന് രണ്ട് പന്തില് രണ്ട് റണ്സ്. അഞ്ചാം പന്തില് ടിറ്റാസ് സാധുവിനെ ഗ്രേസ് ഹാരിസ് പുറത്താക്കിയതോടെ ഡൽഹിയുടെ പോരാട്ടം അവസാനിച്ചു. വാരിയേഴ്സ് ഒരു റണ്ണിന്റെ അവിശ്വസനീയ വിജയം സ്വന്തമാക്കുകയും ചെയ്തു.
നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ വാരിയേഴ്സ് നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 138 റണ്സ് നേടിയത്. അര്ദ്ധ സെഞ്ച്വറി നേടിയ ദീപ്തി ശര്മ്മ (59) മാത്രമാണ് വാരിയേഴ്സിന് വേണ്ടി തിളങ്ങിയത്. ക്യാപിറ്റല്സിന് വേണ്ടി ടിറ്റാസ് സധുവും രാധാ യാദവും രണ്ട് വിക്കറ്റുകള് വീതം വീഴ്ത്തി.