മുംബൈ: ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഏകദിന ലോകകപ്പിന് പിന്നാലെ പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന സ്റ്റാര് പേസര് മുഹമ്മദ് ഷമിക്ക് 2024 ടി20 ലോകകപ്പും നഷ്ടമാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. സെപ്റ്റംബറില് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ഹോം പരമ്പരയിലൂടെ താരം ടീമില് തിരിച്ചെത്തുമെന്നും ജയ് ഷാ പറഞ്ഞു.
'മുഹമ്മദ് ഷമിയുടെ ശസ്ത്രക്രിയ കഴിഞ്ഞു. അദ്ദേഹം ഇന്ത്യയില് തിരിച്ചെത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ പരമ്പരയിലൂടെ അദ്ദേഹം തിരിച്ചെത്താനാണ് സാധ്യത. പരിക്കിന്റെ പിടിയിലുള്ള കെ എല് രാഹുലും വിശ്രമത്തിലാണ്. രാഹുലിന് ഒരു ഇഞ്ചക്ഷന് എടുക്കേണ്ടതുണ്ട്. നിലവില് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില് വിശ്രമത്തിലാണ് രാഹുല്', ജയ് ഷാ അറിയിച്ചു. ബംഗ്ലാദേശിനെതിരായ പരമ്പരയില് രണ്ട് ടെസ്റ്റ് മത്സരവും മൂന്ന് ടി20യുമാണ് ഉള്ളത്.
ഷമിക്ക് പുതിയ ഇന്നിങ്സ്; ലോക്സഭാ തിരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ത്ഥിയായേക്കും?പരിക്കേറ്റ ഷമിക്ക് 2024 ഐപിഎല് സീസണും നഷ്ടമാവുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്സിന്റെ നിര്ണായക താരമാണ് മുഹമ്മദ് ഷമി. ഇടത് കണങ്കാലിന് പരിക്കേറ്റതിനാല് മാര്ച്ചില് ആരംഭിക്കുന്ന ഇന്ത്യന് പ്രീമിയര് ലീഗ് മത്സരങ്ങളില് നിന്ന് ഷമിയെ ഒഴിവാക്കിയതായി ബിസിസിഐ വൃത്തങ്ങള് അറിയിക്കുകയായിരുന്നു.
ഏകദിന ലോകകപ്പിന് ശേഷം ഷമി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. പരിക്കില് നിന്ന് മോചിതനാകാന് സമയം എടുക്കുമെന്നാണ് താരം ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തിരിക്കുന്നത്. കാലിലെ പേശിക്കേറ്റ പരിക്കിന് നടത്തിയ ശസ്ത്രക്രിയ വിജയിച്ചതായും താരം സ്ഥിരീകരിച്ചിരുന്നു.