ന്യൂഡല്ഹി: വനിതാ പ്രീമിയര് ലീഗ് ചാമ്പ്യന്മാരായതിന്റെ സന്തോഷം പങ്കുവെച്ച് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ക്യാപ്റ്റന് സ്മൃതി മന്ദാന. ഈ കിരീട നേട്ടം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അഞ്ച് നിമിഷങ്ങളില് ഒന്നായിരിക്കുമെന്നാണ് താരം പറയുന്നത്. ഞായറാഴ്ച നടന്ന ഫൈനലില് ഡല്ഹി ക്യാപിറ്റല്സിനെ എട്ട് വിക്കറ്റിന് തോല്പ്പിച്ചാണ് ആര്സിബി കപ്പുയര്ത്തിയത്. ഇതാദ്യമായാണ് റോയല് ചലഞ്ചേഴ്സ് ഒരു ഐപിഎല് കിരീടം നേടുന്നത്.
Ee Sala Cup N̶a̶m̶d̶e̶ Namdu! 🏆🥹#PlayBold #ನಮ್ಮRCB #SheIsBold #WPL2024 #WPLFinal #DCvRCB pic.twitter.com/jkubj1MRy6
— Royal Challengers Bangalore (@RCBTweets) March 17, 2024
നീണ്ട 16 വര്ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ഒരു ഐപിഎല് കിരീടത്തില് മുത്തമിട്ടത്. ഐപിഎല്ലില് 15 സീസണുകളിലും വിരാട് കോഹ്ലിയടങ്ങുന്ന പുരുഷ സംഘത്തിന് നേടാന് കഴിയാത്തത് ഡബ്ല്യുപിഎല്ലിന്റെ രണ്ടാം സീസണില് തന്നെ ആര്സിബിയുടെ പെണ്പട നേടിക്കൊടുത്തിരിക്കുകയാണ്. ഐപിഎല്ലില് ഓരോ സീസണും തുടങ്ങുമ്പോള് ഈ സാലാ കപ്പ് നമുക്കെന്ന് പറഞ്ഞു തുടങ്ങുന്ന ആര്സിബി ആരാധകര് സീസണ് കഴിയുമ്പോള് നിരാശയിലാവാറാണ് പതിവ്.
എന്നാല് ഈ പതിവും തെറ്റിച്ചിരിക്കുകയാണ് മന്ദാനയും സംഘവും. 'ഈ സാലാ കപ്പ് നംദേ' (ഈ കിരീടം നമ്മുടേതാകും) എന്ന് ഞങ്ങള് എപ്പോഴും കേട്ടിട്ടുണ്ട്. എന്നാല് എനിക്കിപ്പോള് പറയണം, ഈ സാലാ കപ്പ് നംദു (ഈ കിരീടം ഇതിനോടകം തന്നെ നമ്മുടേതാണ്) ', കിരീടനേട്ടത്തിന് ശേഷം മന്ദാന പറഞ്ഞു. ട്രോഫി സ്വീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന മന്ദാന ആര്സിബി ആരാധകര്ക്ക് നന്ദി പറയുകയും ചെയ്തു.
Smriti Mandhana said, "it's not 'Ee Sala Cup Namde', it's now 'Ee Sala Cup Namdu'". pic.twitter.com/SyN20bnz2d
— Mufaddal Vohra (@mufaddal_vohra) March 17, 2024
'കഴിഞ്ഞ വര്ഷം ഞങ്ങളെ ഒരുപാട് കാര്യങ്ങള് പഠിപ്പിച്ചു. ഒരു കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും എന്താണ് തെറ്റ് സംഭവിച്ചത്, എന്താണ് ശരിയായത് എന്നതിനെക്കുറിച്ച് ഞങ്ങള് സംസാരിച്ചു. കഴിഞ്ഞ സീസണിലെ ടൂര്ണമെന്റിന് ശേഷം മാനേജ്മെന്റിന്റെ അടുത്തേക്ക് പോയപ്പോള് അവര് എന്റെ ആശയങ്ങളെ പിന്തുണച്ചു. ഇത് നിങ്ങളുടെ ടീമാണെന്നും നിങ്ങള് ആഗ്രഹിക്കുന്ന രീതിയില് ടീമിനെ നിര്മ്മിച്ചെടുക്കണമെന്നും അവര് എന്നോട് പറഞ്ഞു. മാനേജ്മെന്റും ഒരുപാട് കാര്യങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്. ഈ ട്രോഫി ലഭിച്ചത് അവര്ക്കും ആവേശമായിട്ടുണ്ട്', മന്ദാന പറയുന്നു.
'ഞാന് മാത്രമല്ല കിരീടം നേടിയത്. ടീമാണ് വിജയിച്ചത്. ഒരു ഫ്രാഞ്ചൈസിയെന്ന നിലയില് വിജയിക്കുക എന്നത് വളരെ സവിശേഷമായ കാര്യമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അഞ്ച് നിമിഷങ്ങളില് ഒന്നായിരിക്കും ഇത്. പക്ഷേ അതില് ഏറ്റവും ഒന്നാമത്തേത് ഒരു ലോകകപ്പ് വിജയമായിരിക്കും', മന്ദാന കൂട്ടിച്ചേര്ത്തു.