പഞ്ചാബ് കിംഗ്സ്, ഐപിഎൽ താരലേലത്തിൽ കോടികൾ ഇളക്കി കളം നിറയുന്ന ടീം. പക്ഷേ കളത്തിലേക്ക് വരുമ്പോൾ ആ മികവൊന്നും കാണില്ല. ഒരു തവണ ഐപിഎൽ ഫൈനൽ കളിച്ചു. അവസാന പന്തുവരെ നീണ്ട പോരാട്ടത്തിൽ ഐപിഎൽ കിരീടം കൈവിട്ടു. അത് മാത്രമാണ് ഇന്ത്യൻ പ്രീമിയർ ലീഗിലെ പഞ്ചാബിന്റെ നേട്ടം. പലപ്പോഴും നിർഭാഗ്യങ്ങളാണ് ആ ടീമിന്റെ യാത്രയ്ക്ക് തടസമാകുന്നത്. 16 വർഷം നീണ്ട പഞ്ചാബിന്റെ ഐപിഎൽ യാത്രയിൽ അങ്ങനെ എത്രയെത്ര മത്സരങ്ങൾക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
ഇന്ത്യൻ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റർ യുവരാജ് സിംഗിന്റെ കൈകളിലാണ് ആദ്യ സീസണിൽ പഞ്ചാബിനെ ലഭിച്ചത്. അന്ന് കിംഗ്സ് ഇലവൻ പഞ്ചാബ് എന്നായിരുന്നു ടീമിന്റെ പേര്. യുവി ആരാധകർ പഞ്ചാബിനെ പിന്തുണച്ചു. ആദ്യ സീസണിൽ തകർപ്പൻ പ്രകടനത്തോടെ മുന്നേറി. 14ൽ 10 മത്സരങ്ങളും വിജയിച്ച് പഞ്ചാബ് സെമിയിലെത്തി. പക്ഷേ നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നിൽ പരാജയപ്പെട്ടു. രണ്ടാം സീസണിൽ ഭേദപ്പെട്ട പ്രകടനം നടത്തി. പക്ഷേ സെമിയിലേക്ക് മുന്നേറാൻ സാധിച്ചില്ല. ഇതോടെ യുവിയ്ക്ക് പകരം കുമാർ സംഗക്കാരയെ നായകനായി പ്രഖ്യാപിച്ചു. പക്ഷേ മൂന്നാം സീസണിൽ പ്രകടനം കൂടുതൽ മോശമായി. സീസണിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ആദം ഗിൽക്രിസ്റ്റിനെ നായകനാക്കി പഞ്ചാബ് നാലാം ഐപിഎല്ലിന് ഇറങ്ങി. മൂന്ന് സീസണിൽ നായകനായിട്ടും ഗിൽക്രിസ്റ്റിന് പഞ്ചാബിനെ സെമിയിലേക്ക് എത്തിക്കാൻ സാധിച്ചില്ല. 2014ലാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബിന്റെ ഏറ്റവും മികച്ച സീസൺ. ജോർജ് ബെയ്ലിയുടെ ടീം ഫൈനൽ കളിച്ചു. അവസാന പന്തുവരെ പോരാടുകയും ചെയ്തു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് മൂന്ന് വിക്കറ്റിനായിരുന്നു കലാശപ്പോരിൽ പഞ്ചാബ് സംഘം കീഴടങ്ങിയത്. പക്ഷേ തൊട്ടടുത്ത സീസണിൽ പഞ്ചാബ് സംഘം അവസാന സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തി. പിന്നീട് നായകന്മാർ മാറി മാറി വന്നു. കിംഗ്സ് ഇലവൻ പഞ്ചാബ് പേരുമാറ്റി. 2018 മുതൽ പഞ്ചാബ് കിംഗ്സായി കളത്തിലിറങ്ങി. എങ്കിലും ടീമിനെ പിടികൂടിയ ദൗർഭാഗ്യം മറികടക്കാൻ പഞ്ചാബ് കിംഗ്സിന് കഴിഞ്ഞില്ല.
ഇത്തവണ ഒരിക്കൽകൂടെ ശിഖർ ധവാന്റെ കീഴിൽ പഞ്ചാബ് കളത്തിലിറങ്ങുന്നു. റില്ലി റോസോ, അർഷ്ദീപ് സിംഗ്, കഗീസോ റബാഡ, രാഹുൽ ചഹർ, ക്രിസ് വോക്സ്, ഹർഷൽ പട്ടേൽ, ലയാം ലിവിങ്സ്റ്റോൺ, സാം കുറാൻ, ജിതേഷ് ശർമ്മ, ജോണി ബെയർസ്റ്റോ എന്നിങ്ങനെ സൂപ്പർ താരങ്ങളുടെ വലിയ നിര തന്നെയുണ്ട് പഞ്ചാബിന്. ഇത്തവണ ദൗർഭാഗ്യം മറികടന്ന് പഞ്ചാബിന് വിജയത്തിലേക്ക് എത്താൻ കഴിയുമോയെന്നതാണ് ചോദ്യം. അത് അറിയാനായി കുറച്ച് കാത്തിരുന്നാൽ മതി.