പഞ്ചാബ് കിങ്സ് ഉയർത്തിയ 177 റണ്സ് പിന്തുടർന്ന റോയൽ ബെംഗളൂരുവിന് വിരാട് കോഹ്ലിയുടെ അർധ ശതകത്തിൽ മികച്ച തുടക്കം. 31 പന്തുകളിൽ നിന്ന് എട്ട് ഫോറും ഒരു സിക്സുമടക്കം 50 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നു. മൂന്നാം ഓവറിൽ ഫാഫ് ഡുപ്ലെസിയെ നഷ്ട്ടമായ ബംഗളൂരുവിന് അഞ്ചാം ഓവറിൽ കാമറൂൺ ഗ്രീനിനെയും നഷ്ട്ടമായി. മൂന്ന് റൺസ് വീതമായിരുന്നു ഇരുവരും നേടിയത്. റബാഡയ്ക്കാണ് രണ്ട് വിക്കറ്റുകളും.
എന്നാൽ ഒരറ്റത്ത് കോഹ്ലി മികച്ച ഫോമിൽ തന്നെ കളിച്ചു. പഞ്ചാബ് നേരത്തെ നിശ്ചിത 20 ഓവറില് ആറുവിക്കറ്റ് നഷ്ടത്തില് 176 റണ്സെടുത്തിരുന്നു. 37 പന്തില് 45 റണ്സെടുത്ത ക്യാപ്റ്റന് ശിഖര് ധവാനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബെംഗളൂരുവിനായി നാലോവറില് 26 റണ്സ് വിട്ടുനല്കി സിറാജ് രണ്ട് വിക്കറ്റ് നേടി. മൂന്നോവറില് 29 റണ്സ് വഴങ്ങി മാക്സ്വെല്ലും രണ്ട് വിക്കറ്റ് നേടി. യഷ് ദയാലും അല്സാരി ജോസഫും ഓരോ വിക്കറ്റ് നേടി.
സീസണിലെ ആദ്യ ജയമാണ് ബെംഗളൂരുവിന്റെ ലക്ഷ്യം. ഐ പി എല് സീസണിലെ ഉദ്ഘാടന മത്സരത്തില് ചെന്നൈക്കെതിരേ ആറ് വിക്കറ്റിന്റെ തോല്വിയേറ്റു വാങ്ങിയാണ് ബെംഗളൂരു ഈ സീസൺ തുടങ്ങിയത്. ദൽഹിക്കെതിരെയുള്ള ആദ്യ മത്സരം നാല് വിക്കറ്റിന് വിജയിച്ച പഞ്ചാബ് രണ്ടാം വിജയം ലക്ഷ്യമാക്കിയാണ് ഇറങ്ങുന്നത്. ഗ്ലെൻ മാക്സ്വെൽ, ദിനേശ് കാർത്തിക്ക് ,അനുജ് റാവത് തുടങ്ങി താരങ്ങളാണ് ബംഗളൂരുവിന് ഇനി ഇറങ്ങാനുള്ളത്.