'ടൈഗര് അഭി സിന്ദാ ഹേ'; ധോണിയുടെ കിടിലന് ക്യാച്ചില് ആവേശഭരിതനായി സുരേഷ് റെയ്ന

ടൈറ്റന്സിനെതിരായ മത്സരത്തിലാണ് പ്രായത്തെ വെല്ലുന്ന ഡൈവിങ് ക്യാച്ചുമായി സൂപ്പര് കിംഗ്സിന്റെ സ്വന്തം 'തല' ആരാധകരെ വിസ്മയിപ്പിച്ചത്

dot image

ചെന്നൈ: ഗുജറാത്ത് ടൈറ്റന്സിനെതിരെയുള്ള ഐപിഎല് മത്സരത്തില് ചെന്നൈ താരം എം എസ് ധോണിയുടെ കിടിലന് ക്യാച്ചാണ് ഇപ്പോള് ആരാധകര്ക്കിടയിലും സോഷ്യല് മീഡിയയിലും ചര്ച്ചയാവുന്നത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില് ചൊവ്വാഴ്ച നടന്ന മത്സരത്തിലാണ് പ്രായത്തെ വെല്ലുന്ന ഡൈവിങ് ക്യാച്ചുമായി സൂപ്പര് കിംഗ്സിന്റെ സ്വന്തം 'തല' ആരാധകരെ വിസ്മയിപ്പിച്ചത്. ഇപ്പോള് ധോണിയുടെ ക്യാച്ച് കണ്ട് ആവേശഭരിതനായി രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര് കിംഗ്സിലെ മുന് താരം സുരേഷ് റെയ്ന.

മത്സരത്തില് ധോണി ക്യാച്ചെടുക്കുന്ന വീഡിയോ ദൃശ്യം ഇന്സ്റ്റഗ്രാമില് പങ്കുവെച്ചാണ് റെയ്ന രംഗത്തെത്തിയത്. 'ഈ കാര്യം ഓര്മ്മ വെച്ചോളൂ സാര്, കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ധോണി എപ്പോഴും കരുത്തോടെയും എല്ലാവരെയും പ്രചോദിപ്പിച്ചുമാണ് മുന്നോട്ടുപോകുന്നത്', എന്ന ക്യാപ്ഷനോടെയാണ് റെയ്ന വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്.

മത്സരത്തില് 63 റണ്സിന്റെ ആധികാരിക വിജയമാണ് ചെന്നൈ സൂപ്പര് കിംഗ്സ് സ്വന്തമാക്കിയത്. എന്നാല് ധോണിയുടെ കിടിലന് ക്യാച്ചാണ് ആരാധകര് ഏറ്റെടുത്തത്. ടൈറ്റന്സ് താരം വിജയ് ശങ്കറെയാണ് (12) ധോണി അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയത്. മത്സരത്തില് ഗുജറാത്ത് ഇന്നിംഗ്സിന്റെ എട്ടാം ഓവറിലാണ് സംഭവം. ഡാരില് മിച്ചല് എറിഞ്ഞ ഓവറിലെ മൂന്നാം പന്തില് വിജയ് ശങ്കര് ആയിരുന്നു സ്ട്രൈക്കില്.

'പറക്കും ധോണി'; അവിശ്വസനീയ ഡൈവിങ് ക്യാച്ചുമായി 'തല', ശരിക്കും 42 വയസ്സായോ എന്ന് സോഷ്യല് മീഡിയ

ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തില് ശങ്കര് ഡ്രൈവ് ചെയ്യാന് ശ്രമിച്ചെങ്കിലും ബാറ്റിന്റെ എഡ്ജില് കൊണ്ട് പന്ത് കൃത്യമായി കീപ്പറുടെ അടുത്തേക്ക് എത്തി. ഈ സമയത്താണ് ധോണി ഒരു കിടിലന് ഡൈവിങ്ങിലൂടെ പന്ത് കൈപ്പിടിയില് ഒതുക്കിയത്. ഇതോടെ ചെപ്പോക്ക് മുഴുവന് ആരവമുയര്ന്നു. മാരക ക്യാച്ച് സോഷ്യല് മീഡിയയും നിമിഷങ്ങള്ക്കുള്ളില് ഏറ്റെടുത്തു. ഈ പ്രായത്തിലും ധോണിക്ക് കിടിലന് ഫിറ്റ്നസാണെന്നും പറക്കുന്ന ചീറ്റയുടേതിന് സമാനമാണ് ധോണിയുടെ ഡൈവിങ്ങെന്നുമെല്ലാമാണ് ആരാധകരുടെ പ്രതികരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us