ബാബർ അസം വീണ്ടും പാക് നായക സ്ഥാനത്തേക്ക് ; ലക്ഷ്യം 2024 ലെ ലോക ട്വന്റി 20 കിരീടം

ഈ വർഷാവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പായിരിക്കും പ്രധാന ചുമതല

dot image

ഇസ്ലാമബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീം നായക സ്ഥാനത്തേക്ക് ബാബർ അസമിനെ തിരിച്ചു കൊണ്ടു വന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. നായക സ്ഥാനത്തേക്ക് ബാബർ അസമിനെ വീണ്ടും പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെയുണ്ടായിരുന്നു. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വിയാണ് അതിനിപ്പോൾ ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. ഇന്ത്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബർ അസമിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചത്. ശേഷം ഷഹീൻ അഫ്രീദിയെ ക്യാപ്റ്റനായി നിയമിച്ചു. പാകിസ്താൻ സൂപ്പർ ലീഗിൽ ലാഹോര് ഖലന്ദേഴ്സിന്റെ നായക സ്ഥാനത്ത് തിളങ്ങിയതാണ് ഷഹീന് ഗുണമായത്.

എന്നാൽ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, ന്യൂസിലൻഡിൽ നടന്ന ടി20 പരമ്പരയിൽ പാകിസ്താന് 1-4ന് പരാജയപ്പെട്ടു, കൂടാതെ അടുത്തിടെ നടന്ന പിഎസ്എല്ലിൽ ടേബിളിൻ്റെ ഏറ്റവും താഴെയായാണ് ഷഹീന്റെ ടീം ഫിനിഷ് ചെയ്തത്. ലോകകപ്പിന് ശേഷം മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻസി ഒഴിഞ്ഞ ബാബറിന് പകരം ഓസ്ട്രേലിയയിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ടീമിനെ നയിച്ചത് ഷാൻ മസൂദായിരുന്നു. എന്നാൽ ഷഹീൻ ഷാ അഫ്രീദിക്കും ഷാൻ മസൂദിനും ടീമിന് കിരീടം നേടികൊടുക്കാനുള്ള നായകമികവ് ഇല്ലെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ വിലയിരുത്തൽ.

നായക സ്ഥാനത്തിലേക്ക് തിരിച്ചു വന്നതിന് ശേഷം ബാബറിൻ്റെ ആദ്യ ടൂർണമെന്റ് ന്യൂസിലൻഡിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയാണ്. ശേഷം ഇംഗ്ലണ്ടിനെതിരെയും ട്വന്റി 20 പരമ്പര കളിക്കും . ഈ വർഷാവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പായിരിക്കും പ്രധാന ചുമതല. ബാബറിൻ്റെ നായക നിയമനം, ടി20 ലോകകപ്പിൽ ടീമിനെ നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷഹീൻ ഷാ അഫ്രീദിക്ക് തിരിച്ചടിയായി.

dot image
To advertise here,contact us
dot image