അന്ന് അബദ്ധം പറ്റിയ താരം, ഇന്ന് മിറാക്കിൾ മാൻ; പഞ്ചാബ് കിംഗ്സിൽ ശശാങ്ക് സിംഗ് ഹീറോ

ശശാങ്ക് ഇല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പഞ്ചാബികൾ മൂക്കുംകുത്തി വീഴുമായിരുന്നു.

dot image

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ഭുത വിജയം നേടിയിരിക്കുകയാണ് പഞ്ചാബ് കിംഗ്സ്. ഒരു ഘട്ടത്തിൽ തോൽവിയെ മുന്നിൽ കണ്ടിടത്തു നിന്നുമാണ് പഞ്ചാബിന്റെ തിരിച്ചുവരവ്. വിജയത്തിന് കാരണക്കാരനായത് ശശാങ്ക് സിംഗെന്ന ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ താരമാണ്.

ഗുജറാത്ത് ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഒരു ഘട്ടത്തിൽ നാലിന് 70 എന്ന നിലയിൽ തകർന്നു. ആറാമനായി ക്രീസിലെത്തിയ ശശാങ്ക് കളി തുടങ്ങി. നൂർ അഹമ്മദിനെ ക്രീസ് വിട്ടിറങ്ങി അതിർത്തി കടത്തി. പിന്നെ ഗുജറാത്തി ബൗളർമാർ ശശാങ്കിന്റെ അടികൊണ്ട് വലഞ്ഞു. 29 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 61 റൺസുമായി ശശാങ്ക് പുറത്താകാതെ നിന്നു. ഒരു പന്ത് ബാക്കി നിൽക്കെ പഞ്ചാബിന് മൂന്ന് വിക്കറ്റിന്റെ വിജയം.

ഡ്രെസ്സിംഗ് റൂമിലിരുന്ന് കളി കണ്ട പഞ്ചാബ് ടീം ഉടമകൾക്ക് അന്നത്തെ ഐപിഎൽ താരലേലം ഓർമ്മയിൽ വന്നിട്ടുണ്ടാവും. ശശാങ്ക് സിംഗിന്റെ പേര് വിളിച്ചപ്പോൾ പഞ്ചാബ് ആവേശത്തോടെ ലേലം വിളിച്ചു. എന്നാൽ മറ്റാരും താരത്തിനായി രംഗത്തെത്തിയില്ല. ഇതോടെ പഞ്ചാബ് ക്യാമ്പിൽ ചില അസ്വസ്ഥതകൾ ഉയർന്നു. പഞ്ചാബ് ഉദ്ദേശിച്ചത് ഈ താരമല്ലെന്നായിരുന്നു ഉടമകൾക്കിടയിലെ വർത്തമാനം.

ലഖ്നൗ ഒളിപ്പിച്ചുവെച്ച സ്വർണം; മായങ്ക് പേസിൽ വിറച്ച് ലോകോത്തര ബാറ്റിംഗ് നിര

ലേലം നടത്തിയ മല്ലിക സാഗർ ചോദിച്ചു. 'നിങ്ങൾക്ക് ഈ താരത്തെ വേണ്ടേ? എന്തെങ്കിലും തെറ്റ് പറ്റിയോ ?'. പക്ഷേ പഞ്ചാബ് അടിസ്ഥാന വിലയ്ക്ക് ലഭിച്ച ശശാങ്ക് സിംഗിനെ ഒഴിവാക്കിയില്ല. പിന്നാലെ ടീം ഉടമകൾ വിശദീകരണവുമായി വന്നു. രണ്ട് താരങ്ങളുടെ പേര് ഒരുപോലെ വന്നത് ആശയകുഴപ്പം ഉണ്ടാക്കി. എങ്കിലും ഞങ്ങൾ ഉദ്ദേശിച്ച താരം ശശാങ്ക് സിംഗ് തന്നെയെന്ന് പഞ്ചാബ് ഉടമകൾ വ്യക്തമാക്കി.

പ്രിയ നെഹ്റ, നിങ്ങളാണ് യഥാർത്ഥ ഹീറോ; ഗുജറാത്ത് ടൈറ്റൻസിന്റെ വിജയനായകൻ

തെറ്റുപറ്റിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ശശാങ്ക് സിംഗിന്റെ ബാറ്റിംഗ്. ഇന്നലത്തെ മത്സരത്തിൽ ശശാങ്ക് ഇല്ലായിരുന്നെങ്കിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പഞ്ചാബികൾ മൂക്കുംകുത്തി വീഴുമായിരുന്നു. സീസണിൽ ആദ്യമായി അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ ഗുജറാത്ത് തോറ്റു. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി പഞ്ചാബ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയർന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us