അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ അത്ഭുതവിജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ഒരു ഘട്ടത്തില്‍ തോല്‍വിയെ മുന്നില്‍ കണ്ടിടത്തു നിന്നും ഒരു പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റുകള്‍ക്കാണ് പഞ്ചാബ് വിജയം പിടിച്ചെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് നിര്‍ണായക അര്‍ദ്ധ സെഞ്ച്വറി നേടിയ ശശാങ്ക് സിങ്ങാണ് പഞ്ചാബിന്റെ വിജയശില്‍പ്പി. 29 പന്തുകളില്‍ നിന്ന് പുറത്താകാതെ 61 റണ്‍സാണ് ശശാങ്ക് അടിച്ചെടുത്തത്.
ശശാങ്ക് അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ സ്വന്തം ടീമംഗങ്ങളില്‍ നിന്നുണ്ടായ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. പഞ്ചാബിന്റെ വിജയത്തിന് പിന്നാലെ ശശാങ്കിന്റെ പ്രകടനം സോഷ്യല്‍ മീഡിയയിലും മറ്റും ആഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ താരം അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ യാതൊരു വിധ പ്രതികരണവും പഞ്ചാബിന്റെ ഡഗ്ഗൗട്ടില്‍ ഉണ്ടായിരുന്നില്ല. 18-ാം ഓവറില്‍ താരം ഫിഫ്റ്റിയടിച്ചതിന്റെ ആഘോഷത്തില്‍ ബാറ്റ് ഉയര്‍ത്തിയപ്പോള്‍ ശിഖര്‍ ധവാന് അടക്കമുള്ള സ്വന്തം ടീമംഗങ്ങള്‍ അവഗണിക്കുകയാണ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
— Out Of Context Cricket (@GemsOfCricket) April 5, 2024
പഞ്ചാബ് താരങ്ങളുടെ പ്രവൃത്തിയില്‍ കമന്ററി ബോക്സിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഒരു പന്ത് ശേഷിക്കെ പഞ്ചാബ് വിജയലക്ഷ്യം മറികടന്നപ്പോള്‍ താരങ്ങള്‍ ശശാങ്കിനെ എടുത്തുയര്‍ത്തി ആഘോഷിക്കുകയും ചെയ്തു.