ലഖ്നൗ: കഴിഞ്ഞ ഡിസംബർ 28, അന്ന് യാഷിന്റെ പിറന്നാൾ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടത്. രഞ്ജി ട്രോഫിയുടെ നിർണ്ണായക മത്സരങ്ങളുടെ നടുവിലായിരുന്നു അപ്പോൾ യാഷ്. ആദ്യ രണ്ട് മത്സരങ്ങൾ പിതാവിന്റെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ വേണ്ടി ഉപേക്ഷിച്ച യാഷ് മൂന്നാം മത്സരത്തിന് വിദർഭ ടീമിനൊപ്പം തന്നെ ചേർന്നു. ടീമിനെ മുന്നിൽ നിന്ന് നയിച്ച് ഫൈനലിലെത്തിച്ചു. പിതാവിന്റെ അന്ത്യകർമ്മങ്ങൾക്ക് ശേഷം മകൻ വികാരീധനായി കളിയ്ക്കാൻ പോകുന്നത് അമ്മ കാജൽ താക്കൂർ പിന്നീട് വിവരിക്കുന്നുണ്ട്. ദുഃഖിച്ചിരിക്കുന്നത് കാണാനല്ല, കളിക്കുന്നത് കാണാനായിരിക്കും അച്ഛനിഷ്ട്ടം എന്ന് പറഞ്ഞാണ് അന്ന് മകൻ വീട് വിട്ടിറിങ്ങിയത്.
കുട്ടിക്കാലത്ത് ഗായകനാവാനായിരുന്നു കൊച്ചു യാഷിന്റെ ആഗ്രഹം. പാട്ട് പഠിപ്പിക്കുന്ന പരിശീലന ക്ലാസുകളിൽ ചേർത്തെങ്കിലും മികവ് തെളിയിച്ച് മുന്നേറാനായില്ല. പിന്നീടാണ് ക്രിക്കറ്റിലേക്ക് കടന്നു വരുന്നത്. ധോണിയുടെ കടുത്ത ആരാധാകനായിരുന്ന യാഷ് 2011 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ഒരു ക്രിക്കറ്റ് കളിക്കാരനാവണമെന്ന വലിയ ആഗ്രഹത്തിൽ ബാറ്റുമെടുത്ത് പരിശീലത്തിലേക്കിറങ്ങി. ധോണിയെ അനുകരിച്ച് വിക്കറ്റ് കീപ്പറായിട്ടായിരുന്നു തുടക്കം. പിന്നീട് ബൗളറായി.
വിദർഭയുടെ ജൂനിയർ ടീമിലൂടെ ഉയർന്നുവന്ന യാഷ്, 2016-ൽ അണ്ടർ 19 ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2017-18ൽ വിദർഭയുടെ രഞ്ജി ട്രോഫി ജേതാക്കളായ ടീമിൽ അംഗമായിരുന്നെങ്കിലും നട്ടെല്ലിന് പരിക്കേറ്റതിനാൽ 2018 ലെ അണ്ടർ 19 ലോകകപ്പ് ടീമിൽ ഇടം നഷ്ടമായി. തുടർന്ന് നീണ്ട വിശ്രമമായിരുന്നു. കഴിഞ്ഞ സീസണുകളിൽ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്തി തിരിച്ചു വന്നു. ആ പ്രകടനമാണ് യാഷിനെ സൂപ്പർ ജയന്റസിലെത്തിച്ചത്. കഴിഞ്ഞ ദിവസം സ്പീഡ് സെൻസേഷണലായ മായങ്ക് യാദവ് അപ്രതീക്ഷിതമായി പരിക്കേറ്റ് പുറത്തായപ്പോൾ ചെറിയ സ്കോറിനെ ലഖ്നൗ പ്രതിരോധിച്ചത് യാഷിന്റെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിലായിരുന്നു.