ന്യൂഡല്ഹി: മലയാളി വനിതാ ക്രിക്കറ്റ് താരം സജന സജീവന് ഇന്ത്യന് ദേശീയ ടീമിലിടം പിടിച്ചു. ബംഗ്ലാദേശ് പര്യടനത്തിനുള്ള സീനിയര് വനിതാ ടീമിലാണ് താരത്തിന് സ്ഥാനം ലഭിച്ചത്. മറ്റൊരു മലയാളി താരം ആശ ശോഭനയും സ്ക്വാഡിലുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഏപ്രില് 28നാണ് ആരംഭിക്കുന്നത്.
വയനാട് മാനന്തവാടി സ്വദേശിനിയാണ് 29കാരി സജന. വനിതാ പ്രീമിയര് ലീഗില് മുംബൈ ഇന്ത്യന്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഡബ്ല്യുപിഎല്ലില് തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യപന്തില് തന്നെ സിക്സറടിച്ച് ടീമിനെ വിജയിച്ച താരമാണ് സജന സജീവന്. ഡല്ഹി ക്യാപിറ്റല്സിനെതിരെ തന്റെ ആദ്യ പന്ത് നേരിട്ട സജ്ന ഒരു കൂറ്റന് സിക്സില് കൈവിട്ടെന്ന് കരുതിയ വിജയം മുംബൈയ്ക്ക് നേടി കൊടുത്തിരുന്നു.
യുപി വാരിയേഴ്സിനെതിരെ സോഫി എക്ലസ്റ്റനെ പുറത്താക്കിയ ഡൈവിങ് ക്യാച്ചിലൂടെ ടൂര്ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്കാരവും സജനയെ തേടിയെത്തി. റൈറ്റ് ആം ഓഫ് ബ്രേക്ക് സ്പിന്നര് കൂടിയായ താരം രണ്ട് വിക്കറ്റും നേടി. ആഭ്യന്ത്രര ക്രിക്കറ്റിലും മികവ് തെളിയിക്കാനും താരത്തിന് സാധിച്ചു.
ബംഗ്ലാദേശിനെതിരെ പ്രഖ്യാപിച്ച ഇന്ത്യന് വനിതാ ടീം: ഹര്മന്പ്രീത് കൗര് (ക്യാപ്റ്റന്), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്), ഷഫാലി വര്മ, ദയലാന് ഹേമലത, സജന സജീവന്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്), രാധാ യാദവ്, ദീപ്തി ശര്മ, പൂജ വസ്ത്രാകര്, അമന്ജോത് കൗര്, ശ്രേയങ്ക പാട്ടീല്, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിങ് താക്കൂര്, ടിറ്റാസ് സാധു.