കൊല്ക്കത്ത:കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രണ്ട് വിക്കറ്റിന്റെ ആവേശ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സ്. ഒരു ഘട്ടത്തില് കൈവിട്ടുപോയ മത്സരം ജോസ് ബട്ലറുടെ തകര്പ്പന് സെഞ്ച്വറിയുടെ കരുത്തിലാണ് റോയല്സ് തിരിച്ചുപിടിച്ചത്. ഇംപാക്ട് പ്ലേയറായി ഇറങ്ങി 60 പന്തില് 107 റണ്സെടുത്ത് പുറത്താകാതെ നിന്ന ബട്ലറാണ് റോയല്സിന്റെ വിജയശില്പ്പി.
ബട്ലറുടെ പ്രകടനത്തേക്കാള് വാലറ്റത്ത് ഇറങ്ങിയ റോവ്മന് പവലിന്റെ പ്രകടനമാണ് രാജസ്ഥാന് വിജയപ്രതീക്ഷ സമ്മാനിച്ചതെന്ന് തുറന്നുപറയുകയാണ് റോയല്സ് ക്യാപ്റ്റന് സഞ്ജു സാംസണ്. എട്ടാം നമ്പറില് ഇറങ്ങിയ റോവ്മാന് പവല് 13 പന്തില് മൂന്ന് സിക്സും ഒരു ബൗണ്ടറിയും സഹിതം 26 റണ്സെടുത്താണ് പവല് മടങ്ങിയത്. കൊല്ക്കത്തയ്ക്ക് വേണ്ടി സെഞ്ച്വറിയടിച്ച് തിളങ്ങിയ സുനില് നരൈനെ മൂന്ന് തവണ സിക്സറിന് പറത്തിയ പവലിനെ നരൈന് തന്നെ വിക്കറ്റിന് മുന്നില് കുരുക്കുകയായിരുന്നു.
'നോക്ക് സഞ്ജൂ, ഞാനും ക്യാച്ച് ചെയ്യും'; ഗ്ലൗവില് പന്ത് വെച്ച് ആവേശ് ഖാന്റെ കിടിലന് മറുപടി'വിജയത്തില് എനിക്ക് സന്തോഷമുണ്ട്. നഷ്ടപ്പെട്ട വിക്കറ്റുകളില് ഞങ്ങള്ക്ക് ആശ്ചര്യം തോന്നിയിരുന്നു. റോവ്മന് തുടര്ച്ചയായി സിക്സറുകള് അടിച്ചപ്പോഴാണ് മത്സരം വിജയിക്കുമെന്ന് ഞങ്ങള്ക്ക് പ്രതീക്ഷ വന്നത്. ആ ഷോട്ടുകള് മത്സരത്തിന്റെ ഗതി മാറ്റി', മത്സരത്തിന് ശേഷം സഞ്ജു പറഞ്ഞു.
'കുറച്ച് ഭാഗ്യം കൂടി ഞങ്ങള്ക്കൊപ്പമുണ്ടായിരുന്നു. കൊല്ക്കത്തയും വളരെ നന്നായിട്ട് തന്നെ മത്സരത്തില് കളിച്ചു. അവരുടെ സ്പിന് ബൗളിങ് മികച്ചതായിരുന്നു. ഞങ്ങളെ ശരിക്കും സമ്മര്ദ്ദത്തിലാക്കാന് കൊല്ക്കത്തയുടെ സ്പിന്നര്മാര്ക്ക് സാധിച്ചു. ഈ ഗ്രൗണ്ട് അവര്ക്ക് നന്നായി യോജിക്കുന്നതായി തോന്നി', സഞ്ജു കൂട്ടിച്ചേര്ത്തു.