അഹമ്മദാബാദ്: വരാനിരിക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഏത് താരമാണ് ടീമിലെത്തുകയെന്ന് പ്രവചിച്ച് ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റനും നിലവിലെ ഡൽഹി ക്യാപിറ്റൽസ് കോച്ചുമായ റിക്കി പോണ്ടിങ്. വെസ്റ്റ് ഇൻഡീസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലായി ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിനുള്ള ഇന്ത്യന് സ്ക്വാഡിൽ വിക്കറ്റ് കീപ്പര് ആരായിരിക്കുമെന്ന് സംബന്ധിച്ചാണ് ഇപ്പോള് ഏറ്റവും കൂടുതല് ചര്ച്ചകള് നടക്കുന്നത്.
ലോകകപ്പിന് വേണ്ടി രണ്ട് വിക്കറ്റ് കീപ്പര്മാരെയെങ്കിലും ഇന്ത്യയ്ക്ക് ഇറക്കേണ്ടതുണ്ട്. മലയാളി താരം സഞ്ജു സാംസണ്, ദിനേശ് കാര്ത്തിക്, റിഷഭ് പന്ത്, ധ്രുവ് ജുറേല്, കെഎല് രാഹുല്, ഇഷാന് കിഷന്, തുടങ്ങി നിരവധി താരങ്ങളാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നിരവധി പേരുകളില് ചര്ച്ചകള് പുരോഗമിക്കുമ്പോള് ഇന്ത്യന് വിക്കറ്റ് കീപ്പിങ് സ്ഥാനത്തേക്ക് ഡൽഹി ക്യാപിറ്റല്സിന്റെ ക്യാപ്റ്റന് റിഷഭ് പന്തിനെയാണ് റിക്കി പോണ്ടിങ് പിന്തുണക്കുന്നത്.
'അത് ബട്ലറല്ല'; വിജയപ്രതീക്ഷ സമ്മാനിച്ചത് ആ താരത്തിന്റെ ഷോട്ടുകളെന്ന് സഞ്ജു സാംസണ്'ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില് റിഷഭ് പന്ത് വേണമെന്ന് ഞാന് കരുതുന്നു. ഐപിഎല്ലിന്റെ അവസാനം ആവുമ്പോഴേക്കും അവന് ലോകകപ്പ് സ്ക്വാഡില് സ്ഥാനം പിടിക്കും. ഐപിഎല്ലില് നേരത്തേയുള്ള ആറ് സീസണുകളില് കളിക്കുന്ന അതേ രീതിയിലാണ് റിഷഭ് ഇത്തവണയും കളിച്ചുകൊണ്ടിരിക്കുന്നത്', പോണ്ടിങ് വ്യക്തമാക്കി.
'ഇന്ത്യന് ക്രിക്കറ്റിന് ഒരുപാട് ആഴമുണ്ടെന്ന് നമുക്ക് അറിയാം. വിക്കറ്റ് കീപ്പര്മാരായ ചില ഇന്ത്യന് താരങ്ങള് ഐപിഎല്ലില് വളരെ മികച്ച ഫോമിലാണ് ഇപ്പോള് കളിച്ചു കൊണ്ടിരിക്കുന്നത്. ഇഷാന് കിഷന് നന്നായി കളിച്ചുകൊണ്ടിരിക്കുന്നു. സഞ്ജു സാംസണ്, കെഎല് രാഹുല് എന്നിവരും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്', പോണ്ടിങ് കൂട്ടിച്ചേര്ത്തു.