
മൊഹാലി: ഇന്ത്യന് പ്രീമിയര് ലീഗില് മുംബൈ ഇന്ത്യന്സിനെതിരായ മത്സരത്തില് അതിശയിപ്പിക്കുന്ന പ്രകടനമാണ് പഞ്ചാബ് താരം അശുതോഷ് ശര്മ്മ പുറത്തെടുത്തത്. മത്സരത്തില് ഒന്പത് റണ്സിന് പഞ്ചാബ് പരാജയം വഴങ്ങിയെങ്കിലും ആ 25കാരന്റെ പോരാട്ടം ആരാധകരുടെ മനം കവര്ന്നു. എട്ടാമനായി ക്രീസിലെത്തി അര്ദ്ധ സെഞ്ച്വറിയും നേടി മുന്നേറിയ അശുതോഷ് അക്ഷരാര്ത്ഥത്തില് മുംബൈയെ വിറപ്പിച്ചു.
മുംബൈയെ വിറപ്പിച്ച് അശുതോഷും പഞ്ചാബും കീഴടങ്ങി; മൊഹാലിയില് വിജയം ഹാര്ദ്ദിക്കിനൊപ്പംപഞ്ചാബിന്റെ തട്ടകത്തില് മുംബൈ ബൗളര്മാരെ അടിച്ചു പറത്തിയ അശുതോഷ് 193 റണ്സ് വിജയലക്ഷ്യം മറികടക്കാനാകുമെന്ന് തോന്നിപ്പിച്ചു. 28 പന്തില് നിന്ന് ഏഴ് സിക്സും രണ്ട് ബൗണ്ടറിയുമടക്കം 61 റണ്സെടുത്താണ് അശുതോഷ് മടങ്ങിയത്. ഇതില് ബുംറയെ ഒരു സ്വീപ്പിലൂടെ സിക്സ് അടിച്ചതും ഉള്പ്പെടുന്നു. ലോകത്തിലെ ഒന്നാം നമ്പര് ബൗളര് ജസ്പ്രീത് ബുംറയെ അതിര്ത്തി കടത്തിയതില് പ്രതികരിക്കുകയാണ് അശുതോഷ്.
'ബുംറയെ സ്വീപ്പ് ചെയ്യുകയെന്നത് എന്റെ സ്വപ്നമായിരുന്നു. ആ ഷോട്ടിനായി ഞാന് ഒരുപാട് പരിശീലിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബൗളര്ക്കെതിരെ അത് ചെയ്യാന് സാധിച്ചു. അത് കുഴപ്പമില്ല, ഇതെല്ലാം ഗെയിമിന്റെ ഭാഗമാണ്', അശുതോഷ് പറഞ്ഞു.