അവസാന പന്ത് വരെ ആവേശം; ഡല്ഹിക്ക് മുന്നില് പൊരുതിവീണ് ഗുജറാത്ത് ടൈറ്റന്സ്

ഡല്ഹിക്ക് വേണ്ടി റാസിഖ് സലാം മൂന്നും കുല്ദീപ് യാദവ് രണ്ടും വീതം വിക്കറ്റുകള് വീഴ്ത്തി

dot image

ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗില് നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്സിനെതിരെ ഡല്ഹി ക്യാപിറ്റല്സിന് വിജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില് നാല് റണ്സിനാണ് ശുഭ്മാന് ഗില്ലും സംഘവും പരാജയം വഴങ്ങിയത്. ഡല്ഹി ഉയര്ത്തിയ 224 റണ്സ് പിന്തുടര്ന്ന ടൈറ്റന്സ് നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 220 റണ്സ് മാത്രമാണ് നേടാനായത്. ഡല്ഹിക്ക് വേണ്ടി റാസിഖ് സലാം മൂന്നും കുല്ദീപ് യാദവ് രണ്ടും വീതം വിക്കറ്റുകള് വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ഡല്ഹി ക്യാപിറ്റല്സ് 20 ഓവറില് നാല് വിക്കറ്റ് നഷ്ടത്തിലാണ് 224 റണ്സ് അടിച്ചുകൂട്ടിയത്. ക്യാപ്റ്റന് റിഷഭ് പന്തിന്റെ തകര്പ്പന് ഇന്നിങ്സാണ് ഡല്ഹിക്ക് കരുത്തായത്. പന്ത് 43 പന്തില് 88 റണ്സെടുത്ത് പുറത്താകാതെ നിന്നു. 43 പന്തില് 66 റണ്സെടുത്ത് അക്സര് പട്ടേലും മികച്ച സംഭാവന നല്കി. ഗുജറാത്തിന് വേണ്ടി മലയാളി താരം സന്ദീപ് വാര്യര് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

മറുപടി ബാറ്റിങ്ങില് ടൈറ്റന്സിന് മികച്ച തുടക്കം ലഭിച്ചില്ല. തന്റെ നൂറാം ഐപിഎല് മത്സരത്തിനിറങ്ങിയ ഗുജറാത്ത് ക്യാപ്റ്റന് ശുഭ്മാന് ഗില് അതിവേഗം മടങ്ങി. അഞ്ച് പന്തുകള് നേരിട്ട് ആറ് റണ്സെടുത്ത ഗില്ലിന് രണ്ടാം ഓവറില് തന്നെ മടങ്ങേണ്ടിവന്നു. വണ്ഡൗണായി എത്തിയ സായ് സുദര്ശനെ കൂട്ടുപിടിച്ച് ഓപ്പണര് വൃദ്ധിമാന് സാഹ തകര്ത്തടിച്ചു. പത്താം ഓവറില് സാഹയെ (39) കുല്ദീപ് യാദവ് മടക്കി. പകരക്കാരനായി ക്രീസിലെത്തിയ അസ്മത്തുള്ള ഒമര്സായിക്കും (1) തൊട്ടുപിന്നാലെ മടങ്ങേണ്ടിവന്നു.

ഡല്ഹിയില് പന്തിന്റെ ബാറ്റിങ് ക്ലാസ്, അക്സറിനും ഫിഫ്റ്റി; ഗുജറാത്തിന് മുന്നില് റണ്മല

പിന്നീട് ക്രീസിലൊരുമിച്ച ഡേവിഡ് മില്ലറിനെ കൂട്ടുപിടിച്ച് സായ് സുദര്ശന് സ്കോര് 100 കടത്തി. ഇതിനിടെ സായ് അര്ദ്ധ സെഞ്ച്വറി തികച്ചു. 13-ാം ഓവറില് സായിയെ (65) റാസിഖ് സലാം മടക്കി. പിന്നീട് ക്രീസിലെത്തിയ ഷാരൂഖ് ഖാന് (8), രാഹുല് തെവാട്ടിയ (4) എന്നിവര് അധികനേരം ക്രീസില് പിടിച്ചുനില്ക്കാനായില്ല.

ഇതിനിടെ ഡേവിഡ് മില്ലര് അര്ദ്ധ സെഞ്ച്വറി തികച്ചു. തൊട്ടുപിന്നാലെ 18-ാം ഓവറില് മില്ലറിനെ (55) മടക്കി മുകേഷ് കുമാര് ടൈറ്റന്സിനെ പ്രതിരോധത്തിലാക്കി. പിന്നീടെത്തിയ സായ് കിഷോര് റാഷിദ് ഖാനൊപ്പം ചെറുത്തുനിന്നതോടെ ഗുജറാത്തിന് വിജയപ്രതീക്ഷ നല്കി. എന്നാല് 19-ാം ഓവറിലെ അവസാന പന്തില് സായ് കിഷോറിനെ (13) പുറത്താക്കി റാസിഖ് വീണ്ടും ഗുജറാത്തിന്റെ വില്ലനായി. സ്കോര് 208 കടത്തിയാണ് കിഷോര് മടങ്ങിയത്. 11 പന്തില് 21 റണ്സെടുത്ത റാഷിദ് ഖാനും ഗുജറാത്തിനെ വിജയത്തിലെത്തിക്കാനായില്ല.

dot image
To advertise here,contact us
dot image