കൊല്ക്കത്ത: ഐപിഎല്ലില് പഞ്ചാബ് കിങ്സ് യുവതാരം ശശാങ്ക് സിങ്ങിനോട് പരസ്യമായി മാപ്പ് പറഞ്ഞ് കമന്റേറ്റര് ഹര്ഷ ഭോഗ്ലെ. കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തില് നിര്ണായക പ്രകടനമാണ് ശശാങ്ക് കാഴ്ച വെച്ചത്. നാലാമനായി ക്രീസിലെത്തിയ ശശാങ്ക് സിങ് 28 പന്തില് പുറത്താവാതെ 68 റണ്സെടുത്താണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിനിടെ കമന്ററിയില് ഹര്ഷ് അബദ്ധത്തില് ശശാങ്കിനെ അശുതോഷ് ശര്മ്മയെന്ന് വിളിക്കുകയായിരുന്നു. സംഭവത്തില് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഭോഗ്ലെ.
'ശശാങ്ക് സിങ്ങിനെ അശുതോഷ് ശര്മ്മയെന്ന് വിളിച്ചതില് ഞാന് മാപ്പുപറയാന് ആഗ്രഹിക്കുന്നു. ഇരുവരെയും ഒരുമിച്ച് കണ്ട് ശീലിച്ചവരാണ് നമ്മള്. ടീമിന് വേണ്ടി ഗംഭീര പ്രകടനം കാഴ്ച വെക്കുന്നവരാണ് ഇരുവരും. അശുതോഷ് ശര്മ്മ നന്നായി കളിച്ചുവെന്ന് ഞാന് പറഞ്ഞു. പിന്നീടാണ് അത് ശശാങ്ക് സിങ്ങാണെന്ന് മനസ്സിലായത്', ഭോഗ്ലെ വ്യക്തമാക്കി.
'ശശാങ്ക് സിങ് ഈ ടൂര്ണമെന്റിന്റെ കണ്ടെത്തലാണ്'; പഞ്ചാബ് താരത്തെ അഭിനന്ദിച്ച് സാം കറന്കൊല്ക്കത്ത- പഞ്ചാബ് മത്സരത്തെ ഭോഗ്ലെ ഒരു സിനിമയുമായി താരതമ്യം ചെയ്യുകയും ചെയ്തു. 'ഞാന് ഒരു ക്രിക്കറ്റ് മത്സരം കാണാനാണ് പോയത്. പക്ഷേ ക്രിക്കറ്റ് മത്സരത്തിന് പകരം ഒരു സിനിമയായിരുന്നു നമ്മുടെ കണ്മുന്നില് അരങ്ങേറിയത്. ജീവിതത്തില് ഒരിക്കല് മാത്രം സംഭവിക്കുന്നതാണിത്. ശശാങ്കും ബെയര്സ്റ്റോയും ചേര്ന്ന് 82 റണ്സ് കൂട്ടിച്ചേര്ത്തു. അതില് 68 റണ്സ് ഒരു ഇന്ത്യന് ബാറ്ററുടെ പേരിലും. ശശാങ്കിന്റെ ഷോട്ടുകളുടെ റേഞ്ചാണിത് കാണിക്കുന്നത്', ഭോഗ്ലെ കൂട്ടിച്ചേര്ത്തു.