'ശശാങ്ക് സിങ് ഈ ടൂര്ണമെന്റിന്റെ കണ്ടെത്തലാണ്'; പഞ്ചാബ് താരത്തെ അഭിനന്ദിച്ച് സാം കറന്

കൊല്ക്കത്തയ്ക്കെതിരെ നാലാമനായി ക്രീസിലെത്തിയ ശശാങ്ക് സിങ് 28 പന്തില് പുറത്താവാതെ 68 റണ്സെടുത്തു

dot image

കൊല്ക്കത്ത: ഈ ടൂര്ണമെന്റിന്റെ കണ്ടെത്തലാണ് ശശാങ്ക് സിങ്ങെന്ന് പഞ്ചാബ് കിങ്സ് ക്യാപ്റ്റന് സാം കറന്. ശശാങ്ക് സിങ്ങിന്റെ കിടിലന് ഫിനിഷിങ്ങാണ് ടി20 ചരിത്രത്തിലെ റെക്കോര്ഡ് ചെയ്സ് വിജയത്തിലേക്ക് പഞ്ചാബിനെ നയിച്ചത്. നാലാമനായി ക്രീസിലെത്തിയ ശശാങ്ക് സിങ് 28 പന്തില് പുറത്താവാതെ 68 റണ്സെടുത്തു. ഒരിക്കല്ക്കൂടി പഞ്ചാബിനായി അവിശ്വസനീയ ബാറ്റിങ് കാഴ്ച വെച്ചതോടെയാണ് ശശാങ്കിനെ പ്രശംസിച്ച് ക്യാപ്റ്റന് സാം കറന് രംഗത്തെത്തിയത്.

സെഞ്ച്വറി നേടിയ ജോണി ബെയര്സ്റ്റോയ്ക്കും അര്ദ്ധ സെഞ്ചുറി നേടിയ പ്രഭ്സിമ്രാന് സിങ്ങിനും പുറമെ ശശാങ്ക് സിങ് അവസാനം നടത്തിയ വെടിക്കെട്ടും പഞ്ചാബിന്റെ വിജയത്തിന് കാരണമായി. പഞ്ചാബിന്റെ മറ്റു താരങ്ങളെയും ക്യാപ്റ്റന് സാം കറന് അഭിനന്ദിച്ചു. 'ജോണി ബെയര്സ്റ്റോയുടെ പ്രകടനത്തിലും സന്തോഷമുണ്ട്. എന്തൊരു പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. എല്ലാ താരങ്ങളിലും അഭിമാനമുണ്ട്', കറന് പറഞ്ഞു.

അടിക്ക് തിരിച്ചടി; റെക്കോര്ഡ് ചെയ്സിനൊടുവില് പഞ്ചാബ് കിങ്സിന് ത്രില്ലര് വിജയം

തുടര് തോല്വികള് ടീമിന് വെല്ലുവിളി സൃഷ്ടിച്ചിരുന്നുവെന്നും സാം കറന് മത്സരശേഷം പ്രതികരിച്ചു. 'കഴിഞ്ഞ കുറച്ച് ആഴ്ചകള് ഞങ്ങളെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നു. പക്ഷേ ഞങ്ങള് പിടിച്ചുനിന്നു. താരങ്ങള് കഠിനമായി പരിശീലനം നടത്തി. ഞങ്ങള് വിട്ടുകൊടുക്കാതെ കൂറ്റന് സ്കോര് ചെയ്സ് ചെയ്ത് വിജയത്തിലെത്തി', ക്യാപ്റ്റന് കൂട്ടിച്ചേര്ത്തു.

ഈഡന് ഗാര്ഡന്സില് എട്ട് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്ത്തിയ 262 റണ്സെന്ന കൂറ്റന് വിജയലക്ഷ്യം എട്ട് പന്തുകള് ബാക്കിനില്ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില് പഞ്ചാബ് മറികടന്നു. ജോണി ബെയര്സ്റ്റോയുടെ (48 പന്തില് പുറത്താവാതെ 108) വെടിക്കെട്ട് സെഞ്ച്വറിയാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.

dot image
To advertise here,contact us
dot image