'എനിക്കാണ് തെറ്റുപറ്റിയത്,സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പറാവേണ്ടത്'; തിരുത്തുമായി മുൻ ഇന്ത്യൻ താരം

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ

dot image

ന്യൂഡൽഹി: വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ടീമിന്റെ 15 അംഗ ടീമിൽ ആരൊക്കെ ഉൾപ്പെടും എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇതിനകം തന്നെ മുൻ താരങ്ങളടക്കമുള്ള പല പ്രമുഖരും തങ്ങളുടെ പ്രവചന ടീം പ്രഖ്യാപിച്ചിരുന്നു. മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫും തന്റെ മനസ്സിലുള്ള ടീമിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ താൻ ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ലിസ്റ്റിൽ ഒരു തിരുത്തുമായി വന്നിരിക്കുകയാണ് താരം. മലയാളി താരം കൂടിയായ സഞ്ജു സാംസണെ തന്റെ ടീമിൽ നിന്ന് ഒഴിവാക്കിയതിലാണ് തിരുത്ത്.

'വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള എന്റെ മുൻഗണന ടീമിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത് എനിക്ക് പറ്റിയ തെറ്റാണ്. ഒരിക്കലും മാറ്റി നിർത്താൻ പറ്റാത്ത താരമാണ് സഞ്ജു. ടി20 ലോകകപ്പിൽ വിക്കറ്റിന് പിന്നിലുണ്ടാവേണ്ടത് സഞ്ജു തന്നെയാണ്. ഒരു വിക്കറ്റ് കീപ്പർ എന്നതിനപ്പുറം ബാറ്റർ എന്ന രീതിയിലും സഞ്ജുവിനെ ഞാൻ ടീമിൽ ഉൾപ്പെടുത്തുന്നു', കൈഫ് പറഞ്ഞു.

ഐപിഎല്ലിൽ സഞ്ജുവിന്റെ നേതൃത്വത്തിൽ മികച്ച മുന്നേറ്റമാണ് രാജസ്ഥാൻ റോയൽസ് നടത്തുന്നത്. ഒമ്പത് മത്സരങ്ങൾ പിന്നിട്ടപ്പോൾ തന്നെ എട്ട് വിജയവുമായി പ്ളേ ഓഫിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ് ടീം. ക്യാപ്റ്റനെന്നതിനപ്പുറം ഒമ്പത് മത്സരങ്ങളിൽ നിന്ന് 77 റൺസ് ആവറേജിൽ 385 റൺസെടുത്ത് ഐപിഎൽ റൺ വേട്ടയിൽ നാലാമതാണ് സഞ്ജു.161.09 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശുന്നത്. ഇനി വരുന്ന ഐപിഎൽ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് സഞ്ജു.

ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഇടം ലഭിക്കാൻ സഞ്ജുവിനെ കൂടാതെ ഋഷഭ് പന്ത്, കെ എൽ രാഹുൽ,ദിനേശ് കാർത്തിക്ക്, ജിതേഷ് ശർമ്മ, ധ്രുവ് ജുറൽ തുടങ്ങി ഒരു പിടി വമ്പൻ താരങ്ങൾ മത്സരിക്കുന്നുണ്ട്. മെയ് 1ന് അജിത് അഗാർക്കറിന്റെ കീഴിലുള്ള സെലക്ഷൻ കമ്മറ്റിയാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക.

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ്; വില്യംസണ് ക്യാപ്റ്റൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us