ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് ആവേശ ജയം നേടി. മത്സരത്തിൽ നിർണായകമായൊരു ഇന്നിംഗ്സ് ട്രാവിസ് ഹെഡ് കളിച്ചു. 44 പന്തുകൾ നേരിട്ട താരം 58 റൺസെടുത്ത് പുറത്തായി. ഹെഡിന്റെ ഇന്നിംഗ്സിനെ പ്രശംസിച്ച് മുൻതാരങ്ങൾ ഉൾപ്പടെ രംഗത്തെത്തി. എന്നാൽ ഹെഡിന്റെ പ്രകടനത്തെ വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്തുകയാണ് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്.
സാഹചര്യങ്ങൾക്ക് അനുസരിച്ച് മികച്ചൊരു ഇന്നിംഗ്സ് ഹെഡ് കളിച്ചു. ഹൈദരാബാദിലെ പിച്ച് ബാറ്റർമാർക്ക് അത്ര വലിയ അനുകൂല്യങ്ങൾ കിട്ടുന്നതായിരുന്നില്ല. എന്നാൽ ഇതേ ഇന്നിംഗ്സ് കളിക്കുന്നത് വിരാട് കോഹ്ലി ആയിരുന്നെങ്കിൽ എല്ലാവരും സ്ട്രൈക്ക് റേറ്റ് ചർച്ചയാക്കുമായിരുന്നു. ട്രാവിസ് ഹെഡ് ആയതുകൊണ്ട് ഈ ചർച്ചകളിൽ നിന്ന് രക്ഷപെട്ടെന്നും മുഹമ്മദ് കൈഫ് പ്രതികരിച്ചു.
സീസണിൽ 10 ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത വിരാട് കോഹ്ലി 500 റൺസ് ഇതുവരെ നേടി. രാജസ്ഥാൻ റോയൽസിനെതിരെ താരം സെഞ്ച്വറിയും നേടി. എന്നാൽ 67 പന്തിൽ നേടിയ സെഞ്ച്വറിക്കെതിരെ കടുത്ത വിമർശനം ഉയർന്നു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ വേഗതയിൽ നേടിയ സെഞ്ച്വറിയെന്നാണ് ഇതിനെ വിമർശകർ വിശേഷിപ്പിച്ചത്.